ബെംഗളൂരു: കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ണാടകത്തില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. രാത്രി കര്‍ഫ്യൂ രാവിലെ ആറ് മണി വരെ നീട്ടി. ഇതോടൊപ്പം വീക്കെന്‍ഡ് കര്‍ഫ്യൂ വെള്ളിയാഴ്ച രാത്രി 9 മുതല്‍ തിങ്കള്‍ രാവിലെ ആറ് മണി വരെയാക്കി. സ്കൂളുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് തീരുമാനം.
ഹോട്ടലുകളില്‍ ടേക്ക് എവേ മാത്രമേ അനുവദിക്കുകയുള്ളൂ. നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രം സ്ഥാപനങ്ങള്‍ തുറക്കാം. മേയ് നാല് വരെയാണ് നിലവിലെ നിയന്ത്രണങ്ങള്‍ തുടരുക. കര്‍ണാടകയില്‍ ഇന്ന് ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ.
21794 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 13782 പേര്‍ ബെംഗളൂരു നഗരത്തില്‍ നിന്നാണ്. 149 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 92 മരണവും ബെംഗളൂരുവില്‍ നിന്നാണ്.