ഇഫ്താര്‍ വിരുന്ന് ഒഴിവാക്കാൻ ശ്രമിക്കണം; കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

0
548

തിരുവനന്തപുരം∙ കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇഫ്താര്‍ വിരുന്നുകള്‍ ഉൾപ്പെടെയുള്ള ഒത്തുചേരലുകൾ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാൾ, തിയറ്റർ ഉൾപ്പെടെ എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപനം കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ജില്ലാ കലക്ടർമാർക്ക് 144ാം വകുപ്പ് പ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരവും ഉണ്ടായിരിക്കും.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സിവില്‍സപ്ലൈസ്, മില്‍മ, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയവ ചേര്‍ന്ന് ഹോം ഡെലിവറി സംവിധാനം ഒരുക്കാനും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഓർഡറുകൾ സ്വീകരിക്കാൻ ഇവയ്ക്ക് സംയുക്തമായ ഒരു മൊബൈൽ ആപ് വേണം. ഇ–സജ്ജീവനി ടെലിമെഡിസിന്‍ നെറ്റ്‌വര്‍ക്കിലേക്ക് കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ കൊണ്ടുവരും. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനാണിത്.

രണ്ടു മണിക്കൂറിൽ കൂടുതൽ നേരം ഒരു പൊതുചടങ്ങുകളും സംഘടിപ്പിക്കരുത്. സൽക്കാരങ്ങളിൽ കഴിവതും, കയ്യിൽ കൊണ്ടുപോകാൻ സാധിക്കുന്നവിധം പായ്ക്ക് ചെയ്ത് ഭക്ഷണം വിളമ്പണം. പൊതുയിടത്ത് മാസ്ക് മാറ്റുന്നത് ഒഴിവാക്കാനാണ് ഇത്. ഹോട്ടലുകളും റസ്റ്ററന്റുകളും ഹോം ഡെലിവറികൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ ഉൾപ്പെടെ സംഘടിപ്പിക്കരുതെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഏപ്രിൽ 30 വരെയാണ് നിയന്ത്രണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here