തിരുവനന്തപുരം∙ മേയ് 2നു വരുന്ന തിരഞ്ഞെടുപ്പു ഫലം ബിജെപി കേരള നേതൃത്വത്തിന് ഏറ്റവും നിർണായകം. കേരളത്തിൽ മറ്റേത് മുന്നണികൾ നടത്തിയതിനേക്കാളും പ്രചാരണം നടത്തിയത് ബിജെപിയാണെന്നതാണു പ്രധാന കാരണം. പണവും ആൾബലവും ഒക്കെ ഇടതിനേക്കാളും യുഡിഎഫിനേക്കാളും ബിജെപി കളത്തിലിറക്കി. കേന്ദ്ര നേതാക്കളുടെ പടയോട്ടമായിരുന്നു തലങ്ങും വിലങ്ങും. കേരളത്തിലെ പ്രചാരണത്തിന് നരേന്ദ്രമോദിയും അമിത് ഷായും യോഗി ആദിത്യനാഥും ഉൾപ്പെടെ ബിജെപിയുടെ മുൻനിര താരങ്ങൾ ആരെങ്കിലും ഒന്നോ രണ്ടോ പേർ ഇല്ലാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. കർണാടകയിലെ മന്ത്രിമാരുൾപ്പെടെ ബിജെപി നേതാക്കൾ കേരളത്തിൽ തമ്പടിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കേന്ദ്ര കാബിനറ്റ് മന്ത്രി പ്രൾഹാദ് ജോഷി ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കേരളത്തിൽ വന്നുംപോയും കാര്യങ്ങൾ നോക്കി നടത്തി. ഇത്രയൊക്കെ ചെയ്യുമ്പോൾ ബിജെപി ദേശീയ നേതൃത്വം കാര്യമായി ചിലത് പ്രതീക്ഷിച്ചാൽ അവരെ കുറ്റം പറയാനും പറ്റില്ല. ബിജെപിക്ക് എത്ര സീറ്റു കിട്ടും എന്നതാണ് കേരളത്തിലെതന്നെ വോട്ടർമാരുടെ പ്രധാന ചോദ്യം. 12 സീറ്റ് എന്നു ബിജെപി നേതൃത്വം വിലയിരുത്തുന്നു. അൽപംകൂടി കാര്യമായി പഠിച്ച ആർഎസ്എസ് അതിൽ ഒരു ആറെണ്ണം മാത്രമേ കാര്യമായി ജയിക്കാൻ സാധ്യത കൽപിക്കുന്നുള്ളു. കുറച്ചുകൂടി ചിന്തിക്കുന്ന ബിജെപി നേതാക്കൾ ജയസാധ്യത 2 അല്ലെങ്കിൽ മൂന്ന് സീറ്റ് എന്നുവരെ കൃത്യമായൊരു വിലയിരുത്തലിലേക്ക് പോകാനും ശ്രദ്ധിക്കുന്നുണ്ട്. എക്സിറ്റ് പോളുകളിലാകട്ടെ ഒന്നു മുതൽ 5 വരെ സീറ്റാണ് ബിജെപിക്കു പ്രവചിക്കുന്നത്. ഇൗ വിലയിരുത്തലൊക്കെ നിൽക്കുമ്പോൾതന്നെ കയ്യിലുള്ള നേമം കൂടി പോയാൽ ഉണ്ടാകുന്ന ഭവിഷ്യത്തും ബിജെപിയിൽ ഒരു വിഭാഗം ചർച്ചയ്ക്കെടുക്കുന്നു.
ആ സീറ്റുകൾ ഏതൊക്കെ?
സ്വന്തം വോട്ടുകൊണ്ടുമാത്രം ജയിക്കാവുന്ന മൂന്ന് സീറ്റുകളാണ് ബിജെപിക്കു കേരളത്തിലുള്ളത്– നേമം, കാസർകോട്, മഞ്ചേശ്വരം. നേമം കിട്ടിയെങ്കിലും ബാക്കി രണ്ടും കിട്ടാതെ പോകുന്നത് എന്തുകൊണ്ട് എന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു. ബിജെപി ജയിക്കുമെന്ന തോന്നലുണ്ടാകുമ്പോൾതന്നെ ഇടതിന്റെ വോട്ട് വലത്തേക്കോ, വലതിന്റെ വോട്ട് ഇടത്തേക്കോ മാറി ക്രോസ് വോട്ടിങ്ങിലൂടെ ബിജെപിയെ പരാജയപ്പെടുത്തും. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇൗ മണ്ഡലങ്ങളിലെ കാഴ്ച അങ്ങനെയാണ്. ഇക്കുറി പിന്നെ എന്താണ് ഇൗ മണ്ഡലങ്ങളിൽ മാറ്റം സംഭവിക്കുകയെന്നും ബിജെപിയുടെ ജയപ്രതീക്ഷയെന്താണെന്നും ചോദിച്ചാൽ ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിന്റെ ഗതിയിലുണ്ട് ബിജെപിക്കുള്ള ഉത്തരം.
ഇടതിനു തുടർ ഭരണം വേണമെന്ന ആഗ്രഹമുള്ളതിനാൽ പതിവുപോലെ വോട്ട് യുഡിഎഫിന് മറിക്കാൻ ഇടതുനേതൃത്വം മഞ്ചേശ്വരത്തും കാസർകോടും ശ്രമിച്ചിട്ടില്ലെന്ന തോന്നൽ. പിന്നെ ഇൗ രണ്ടു മണ്ഡലങ്ങളിലും ന്യൂനപക്ഷ മേഖലയിലെ വോട്ടിങ് ശതമാനത്തിലെ കുറവും ബിജെപിയുടെ ജയപ്രതീക്ഷകളുയർത്തുന്നു. പാലക്കാടാണ് ബിജെപിയുടെ വിജയപ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം. സ്വന്തമായി വോട്ടില്ലാതെ പാലക്കാട് എങ്ങനെ ജയിക്കും? അത് മെട്രോമാൻ ഇ. ശ്രീധരന്റെ വരവോടെ ബിജെപിയ്ക്കുണ്ടായ പ്രതീക്ഷയാണ്.
ബിജെപിയുടേതല്ലാത്ത വോട്ടും ഇവിടെ ശ്രീധരനു ലഭിക്കുമെന്നും ആ വോട്ടിന്റെ കണക്കുകൾ വിജയത്തിലെത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. അവിടെയും ബിജെപിക്കു മറ്റൊരു കണക്കുണ്ട്. ശ്രീധരന്റെ എതിർസ്ഥാനാർഥി ഷാഫി പറമ്പിൽ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാണ്. നിയമസഭയിൽ വരാതെ നോക്കണമെന്നു സിപിഎം കരുതി വച്ചിട്ടുള്ളയാളുമാണ് ഷാഫി പറമ്പിൽ. അതുകൊണ്ട് ശ്രീധരൻ ജയിക്കുമെന്ന പേടിയിൽ ഷാഫിക്കു സിപിഎം വോട്ട് മറിച്ചില്ലെന്ന വിശ്വാസത്തിലാണ് ബിജെപി. അങ്ങനെയെങ്കിൽ ശ്രീധരന് മണ്ഡലത്തിലുണ്ടായ അനുകൂല വികാരവും നരേന്ദ്രമോദിയുടെ പ്രചാരണവും ഉണ്ടാക്കിയ ഉണർവ് പാലക്കാട് വിജയം സമ്മാനിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കഴക്കൂട്ടവും വട്ടിയൂർക്കാവും കാട്ടാക്കടയും മലമ്പുഴയുമൊക്കെ ബിജെപിയുടെ ജയത്തിന്റെ പട്ടികയിലുണ്ടെങ്കിലും എല്ലായിടത്തും തങ്ങളുടേതല്ലാത്ത അധികം വോട്ടുകൂടി വന്നാലേ വിജയം എന്ന ലക്ഷ്യം കാണാനാകൂ. അത് ബിജെപി നടത്തിയ വൻ പ്രചാരണത്തിലൂടെയും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിലൂടെയും വേണം പെട്ടിയിലെത്താൻ. അതിന് എത്രകണ്ടു സാധ്യതയുണ്ടെന്ന് മേയ് 2നു മാത്രമേ അറിയാനും കഴിയൂ. നേമത്തിന്റെ പ്രതീക്ഷകളിലും ഇൗ അനിശ്ചിതത്വം അടിത്തട്ടിൽ കിടപ്പുണ്ടെങ്കിലും കണക്കുകൾ കുറച്ചിട്ടു കൂട്ടിയിട്ടും വിജയം കൈവിടില്ലെന്നാണു ബിജെപിയുടെ പ്രതീക്ഷ.
വോട്ടുകൂടിയാൽ നഷ്ടം യുഡിഎഫിന്!
2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ച വോട്ടിങ് ശതമാനം 15.5 ആയിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അതു 16 തൊട്ടില്ല. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 17 തൊട്ടു. പക്ഷേ കണക്കിൽ 16.5ന് മുകളിലെന്നായത് സ്വതന്ത്രന്മാരുടെ വോട്ട് പാർട്ടി അക്കൗണ്ടിൽ കൂട്ടിയില്ലെന്നതുകൊണ്ടാണ്. അതു കൂടി കൂട്ടിയാൽ 17% വോട്ട് ബിജെപിയ്ക്കുണ്ടെന്നുതന്നെ കരുതാം. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നത് 20% വോട്ടാണ്. അത് 18നും 20നും ഇടയ്ക്കെത്തിയാലും ബിജെപിയ്ക്കു സന്തോഷിക്കാം. ഇത്രയധികം അനുകൂല ഘടകങ്ങളും പ്രചാരണ മുൻതൂക്കം കിട്ടിയിട്ടും 17ലോ 16 ലോ കുറഞ്ഞാൽ അതു ദേശീയ നേതൃത്വം പൊറുത്തുവെന്നും വരില്ല. ചില തിരുത്തലുകൾക്കായി കേന്ദ്ര നേതൃത്വം വടിയെടുക്കുമെന്നുറപ്പാണ്.
അതേ സമയം ബിജെപിയുടെ വോട്ടിങ് ശതമാനം 19–20ൽ എത്തിയാൽ പോലും കേരളത്തിൽ യുഡിഎഫ് നേതൃത്വത്തിന്റെ നെഞ്ച് പിടയ്ക്കും. പിടയ്ക്കേണ്ടതുണ്ട് എന്നുതന്നെയാണ് വിലയിരുത്തലും. കേരളത്തിൽ 20 കൊല്ലത്തെ വോട്ടുകണക്കുകൾ കൃത്യമായി പരിശോധിച്ചാൽ വളർച്ചയുണ്ടാക്കിയ ഏക പാർട്ടി ബിജെപി മാത്രമാണ്. 2 മുന്നണികളിൽനിന്നും വോട്ട് കവർന്നാണ് ഇൗ വളർച്ചയെങ്കിലും കൂടുതൽ ക്ഷീണം യുഡിഎഫിനാണ്. അതും കോൺഗ്രസിന്.
കേരളത്തിൽ ഇൗ തിരഞ്ഞെടുപ്പിൽ ബിജെപി ഒന്നാംസ്ഥാനത്തോ രണ്ടാം സ്ഥാനത്തോ വരുന്നതിനായി പ്രയത്നിച്ച് കൃത്യമായ ത്രികോണ മൽസരം നടന്നത് 23–25 മണ്ഡലങ്ങളിലാണ്. ഇവിടെയെല്ലാം 30 മുതൽ 45% വരെ വോട്ടു പിടിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇതു കോൺഗ്രസിന്റെ പ്രതീക്ഷകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഇൗ മണ്ഡലങ്ങൾ കൂടാതെ മറ്റൊരു 10 മണ്ഡലങ്ങളിൽ കൂടി ബിജെപി 30 ശതമാനത്തിനൊപ്പം വോട്ട് പിടിക്കുമെന്ന് കരുതുന്നു. ഇൗ 35 മണ്ഡലങ്ങളാണ് എൽഡിഎഫും യുഡിഎഫും അവരുടെ വിലയിരുത്തലുകളിൽ പറയുന്ന ‘ക്ലോസ് ഫൈറ്റ്’ നടക്കുന്ന മണ്ഡലങ്ങൾ. ഇവിടെയും ബിജെപിയുടെ വോട്ടുനില യുഡിഎഫിനെതന്നെയാകും ബാധിക്കുക.
മറ്റു മണ്ഡലങ്ങളിൽ എങ്ങനെ?
ബിജെപിയ്ക്ക് ഒരു വിജയപ്രതീക്ഷയുമില്ലാത്ത മറ്റു മണ്ഡലങ്ങളിൽ വോട്ടു നില എങ്ങനെയാകും മാറി മറിയുകയെന്നതും ചർച്ച ചെയ്യപ്പെടുന്നു. ബിജെപിയുടെ ജീവന്മരണ പോരാട്ടം നടക്കുന്ന 20–25 മണ്ഡലങ്ങൾ കഴിഞ്ഞാൽ പിന്നെ ബാക്കി മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് സർക്കാർ വിരുദ്ധ വോട്ടായി മാറി കുറച്ചെങ്കിലും യുഡിഎഫിലേക്കു ചായുമോ, ചാഞ്ഞു കാണുമോ എന്നതാണു വിപുലമായ ചർച്ച നടക്കുന്ന കാര്യം. അതിനു ബിജെപിയിൽതന്നെ പറയുന്ന ചില കാര്യങ്ങളുമുണ്ട്.
സാധാരണ ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെ പ്രഖ്യാപിത ശത്രു ഇപ്പോഴും സിപിഎം തന്നെയാണ്. ബിജെപി ജയിച്ചില്ലെങ്കിൽ സിപിഎം തോൽക്കണം എന്ന ചിന്ത ആ പ്രവർത്തകർക്കിടയിലുണ്ടെന്നതാണു പഴയ വിശ്വാസം. ഇപ്പോഴും ഇൗ വിശ്വാസം നിലനിൽക്കുന്നുണ്ടെങ്കിൽ യുഡിഎഫിന് കാര്യമായി ‘ലഡ്ഡു പൊട്ടും’. ഇൗ വോട്ടുകളുടെ ചായ്‌വാണ് യുഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് ഒരു പരിധി വരെ ഗുണമാകുകയെന്ന് കോൺഗ്രസിലും നേതാക്കൾ വിലയിരുത്തുന്നു. ശബരിമലയുൾപ്പെടെ വിഷയം മുൻനിരയിലേക്കു വന്നു, എൻഎസ്എസ് സർക്കാരിനെതിരെ നിലപാടുമെടുത്തു– ഇൗ രണ്ടു കാര്യങ്ങൾ മേൽപ്പറഞ്ഞ വോട്ടുകളിൽ സ്വാധീനം ചെലുത്തുമെന്നും കോൺഗ്രസ് കരുതുന്നു.
ബിജെപിയിലും വരുമോ തിരുത്തൽ?
ബിജെപിയുടെ വലിയ സാധ്യതകളിൽ നിന്ന ഗ്രാഫ് താഴേക്ക് എത്തിച്ചത് സംഘടനയെ വിടാതെ പിടികൂടിയിരിക്കുന്ന പടലപിണക്കമാണെന്നതാണ് ഇക്കുറിയും കാഴ്ച. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ 2 സീറ്റുകളിലെ മൽസരം മുതൽ ദേശീയ നേതാവെന്ന നിലയിലെത്തി അപമാനിതനായി പോകേണ്ടിവന്ന ആർ.ബാലശങ്കറിന്റെ വരെ പരാമർശങ്ങൾ ബിജെപിയെ പ്രതിസന്ധിയിലാക്കി. ശോഭാ സുരേന്ദ്രനെ ഒരിടത്തും നിലംതൊടീക്കില്ലെന്ന സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ അതിരുകവിഞ്ഞ കളികളും ബിജെപിയുടെ സാധ്യതകളെ തടയുന്നതായിരുന്നു.
കെ.സുരേന്ദ്രൻ എന്തിനു രണ്ടിടത്ത് മത്സരിച്ചുവെന്നത് ഇപ്പോഴും ബിജെപിയുടെ മുതിർന്ന നേതാക്കൾ പോലും തമ്മിൽതമ്മിൽ ചോദിക്കുന്നു. ന്യായീകരിക്കാൻ ഒരുപാടു കാര്യങ്ങൾ ബിജെപി നേതൃത്വം നിരത്തുമെങ്കിലും ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് കൊടുക്കാൻ എന്തുകൊണ്ടു വൈകിയെന്നതിലൊക്കെ പാർട്ടിയിലെ വ്യക്തിയുദ്ധങ്ങൾ തെളിഞ്ഞുകാണാം. ഇതൊക്കെ ഇവിടെ തങ്ങി പ്രവർത്തിച്ച ബിജെപി കേന്ദ്രനേതാക്കൾക്കും അക്കാര്യം അറിയാം. ബിജെപിയുടെ കേരളത്തിലെ പ്രഭാരി സിപി. രാധാകൃഷ്ണനും സംഘവുമൊക്കെ ഇക്കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചിട്ടുമുണ്ട്.
സ്വതന്ത്രസ്ഥാനാർഥികൾ പോലും ഭംഗിയായി നാമനിർദേശ പത്രിക പൂരിപ്പിച്ചു നൽകി മത്സരരംഗത്തിറങ്ങുന്ന കേരളത്തിൽ ദേശീയ പാർട്ടിക്കു നാമനിർദേശ പത്രികയിലെ പോരായ്മ മൂലം മൂന്നിടത്ത് മത്സരിക്കാനായില്ലെന്നുപറഞ്ഞാൽ അത് ബിജെപിയെപോലെ കേഡർ സംവിധാനമുള്ള പാർട്ടി പൊറുക്കുമോയെന്ന് കണ്ടറിയണം. പാർട്ടി വഴിയിൽ അപമാനിക്കപ്പെടുന്നതുവരെ എത്തിയ പടലപിണക്കംആർഎസ്എസിനെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതു പ്രവർത്തകർക്കിടയിലുണ്ടാക്കിയ നിരാശ വലുതാണെന്ന വിലയിരുത്തലും ആർഎസ്എസ് നടത്തി. രാജ്യത്ത് ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖാ പ്രവർത്തനമുള്ള കേരളം പോലൊരു സംസ്ഥാനത്ത് അവരുടെ നിരന്തര അധ്വാനത്തെ ഇത്തരം നേതാക്കളുടെ കടിപിടിയിൽ കുരുക്കിയിടാൻ ആർഎസ്എസ് അധികം അനുവദിക്കില്ലെന്ന സന്ദേശവും നേതൃത്വം നൽകിയിട്ടുണ്ട്. ഇൗ തിരഞ്ഞെടുപ്പുഫലം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് നിർണായകമാകുന്നത് അതുകൊണ്ടു കൂടിയാണ്.