കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കും. ആദ്യ ദിവസം കർഫ്യു ലംഘിച്ചവരെ ബോധവത്കരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇന്ന് മുതൽ കർശന നടപടിയെടുക്കാനാണ് തീരുമാനം.
ചൊവ്വാഴ്ച രാത്രി മുതലാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ നിലവിൽ വന്നത്. രാത്രി ഒൻപത് മണിക്ക് മുൻപ് തന്നെ കടകൾ അടച്ചുവെങ്കിലും വാഹനങ്ങൾ നിരത്തിലിറങ്ങി. ഇന്ന് മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
അവശ്യ സർവീസ് ഒഴികെ ഒന്നും അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ആവശ്യമെങ്കിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും. സംസ്ഥാനത്തെ നിലവിലെ സാഹചര്യം അവലോകനം ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. രാവിലെ പതിനൊന്നിനാണ് യോഗം. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. കൂട്ടപ്പരിശോധനയുടെ ഫലം ഉൾപ്പെടെയുള്ളവ യോഗത്തിൽ ചർച്ചയാകും.