നിര്‍ണായക പ്രഖ്യാപനവുമായി സ്റ്റുവര്‍ട്ട് ബ്രോഡ്; മറ്റ് താരങ്ങളുടെ തീരുമാനം കാത്ത് ക്രിക്കറ്റ് ലോകം

0
594

സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. സഹകളിക്കാരായ മൊയിന്‍ അലിക്കും ജോഫ്ര ആര്‍ച്ചര്‍ക്കും നേരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ചാണ് ബ്രോഡിന്റെ പ്രഖ്യാപനം.

‘സോഷ്യല്‍ മീഡിയ കൊണ്ട് ഒരുപാട് ഉപകാരങ്ങളുണ്ട്. എന്നാല്‍ കൃത്യമായ ഒരു നിലാപാടെടുക്കാന്‍ അത് കുറച്ച് കാലത്തേക്ക് വേണ്ടെന്ന് വെയ്ക്കാനും ഞാന്‍ ഒരുക്കമാണ്. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഡ്രസിംഗ് റൂമില്‍ നിന്നാണ് വരേണ്ടത്. ടീമിന് ഒരു മാറ്റം ആവശ്യമാണെന്ന് തോന്നിയാല്‍ ഞങ്ങളുടെ വിശ്വാസങ്ങള്‍ എന്തൊക്കെയാണെന്ന് തലപ്പത്തുള്ള ഉന്നത വ്യക്തിത്വങ്ങളോട് തുറന്നുപറയും. ഇത് ശരിക്കും ശക്തമായ സന്ദേശമാണ്. ഇത് തീര്‍ച്ചയായും നല്ല ഫലമുണ്ടാക്കുമെന്നാണ് വിശ്വാസം’ ബ്രോഡ് പറഞ്ഞു.

മൊയിന്‍ അലിയ്ക്കെതിരായ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റീന്റെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. ക്രിക്കറ്റില്‍ സജീവമായിരുന്നില്ലെങ്കില്‍ മൊയിന്‍ അലി ഭീകരസംഘടനയായ ഐ.എസില്‍ ചേരുമായിരുന്നെന്ന തസ്ലീമയുടെ ട്വീറ്റാണ് വിവാദമായത്. തസ്ലീമയുടെ ട്വീറ്റിനെതിരെ ഇംഗ്ലണ്ട് താരങ്ങളടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

ബ്രോഡിന്റെ തീരുമാനത്തെ പിന്തുണച്ച് മറ്റ് താരങ്ങളും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ തയ്യാറായി മുന്നോട്ടു വരുമോ എന്നാണ് ഇനി അറിയേണ്ടത്. ടീം അംഗങ്ങള്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സ്‌കോട്ടിഷ് ഫുട്ബാള്‍ ചാമ്പ്യന്‍മാരായ റേഞ്ചേഴ്‌സും ഇംഗ്ലണ്ടിലെ രണ്ടാം നിര ക്ലബായ സ്വാന്‍സീയും ഒരാഴ്ച സമയം സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here