കോവിഡ് പ്രൊട്ടോക്കോൾ ലംഘിക്കുന്നതിന് ഏർപ്പെടുത്തുന്ന പിഴയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് പൊലീസ്. കേരള പൊലീസ് ഫേസ്ബുക്ക് പേജിലാാണ് കുറ്റങ്ങളുടെയും അവ ഉൾപ്പെടുന്ന വകുപ്പുകളുടെയും വിശദാംശങ്ങൾ സഹിതം പിഴ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 500, 2000, 5000 എന്നിങ്ങനെ മൂന്ന് പിഴശിക്ഷകളാണുള്ളത്.
മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, നിയമം ലംഘിച്ച് കട തുറക്കുക, റോഡിൽ തുപ്പുക, അടിയന്തര സാഹചര്യങ്ങളിലല്ലാതെ കണ്ടെയ്ൻമെന്റ് സോണിന്റെ ഉള്ളിലേക്കോ പുറത്തേക്കോ സഞ്ചരിക്കുക എന്നിവയാണ് 500 രൂപ പിഴശിക്ഷയുള്ള കുറ്റങ്ങൾ. ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ 2000 രൂപയും കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ച് പൊതുസ്ഥലത്ത് കൂട്ടം ചേർന്നാൽ 5000 രൂപയും പിഴയടക്കേണ്ടിവരും.
കഴിഞ്ഞ ദിവസം കോവിഡ് പ്രൊട്ടോകോൾ ലംഘിക്കുന്നവരെ ‘കായികമായി നേരിടും’ എന്ന തരത്തിൽ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ വന്ന ട്രോൾ വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. ‘ജോജി’ സിനിമയിലെ മീം ഉപയോഗിച്ച് തയ്യാറാക്കിയ ട്രോളിൽ ‘ഇപ്പോഴും മാസ്‌ക് ഇടാതെയും താടിക്ക് മാസ്‌ക് വെച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിരിക്കുന്നവരെയും ശ്രദ്ധയിൽപെടുന്നുണ്ട്. അത്തരക്കാർക്കെതിരെ നിമയപരമായും ആവശ്യമെങ്കിൽ കായികപരമായും ഞങ്ങൾ നടപടികൾ സ്വീകരിക്കുന്നതാണ്’ എന്ന വാചകമാണ് ഉണ്ടായിരുന്നത്.
എന്നാൽ, ജനങ്ങളെ കായികമായി നേരിടുമെന്ന ഭീഷണിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ആ വാചകങ്ങൾ മാറ്റി ‘ആവശ്യമെങ്കിൽ കർക്കശമായ നടപടികൾ സ്വീകരിക്കുന്നത്’ എന്നാക്കി.