കേരളത്തില്‍ ആറ് സീറ്റില്‍ വിജയസാധ്യതയെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖന്‍ 5000 മുതല്‍ 11000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു. ഇതിന് പുറമേ മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 1500 വോട്ടിന് മുകളിലും കഴക്കൂട്ടത്തും തൃശൂരും വട്ടിയൂര്‍കാവിലും 1000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തതോടെയുള്ള വിജയസാധ്യതയാണ് ആര്‍എസ്എസ് കണക്കാക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ ഇ ശ്രീധരന്‍ 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണക്ക്കൂട്ടല്‍.
അഞ്ചിലേറെ സീറ്റ് ബിജെപി നേടിയാല്‍ സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയുണ്ടാവുമെന്നാണ് ബിജെപി വിലയിരുത്തല്‍. പത്തില്‍ കൂടുതല്‍ സീറ്റാണ് ബിജെപി പ്രതീക്ഷ. യുഡിഎഫിനും എല്‍ഡിഎഫിനും കേവലഭൂരിപക്ഷം കിട്ടില്ലെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. ആര്‍എസ്എസ് വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലത്തിന് പുറമേ മലമ്പുഴ, കാസര്‍ഗോഡ്, ചാത്തന്നൂര്‍, കാട്ടാക്കട, മണലൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നത്.
തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാര്‍ത്ഥിയില്ലാതെ പോയത് പ്രവര്‍ത്തകരില്‍ നിരാശയയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം, കോവിഡ് വ്യാപനം തുടങ്ങിയ കാര്യങ്ങളാണ് പ്രധാന ചര്‍ച്ച വിഷയമായത്. സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബിജെപി ആരോപിച്ചു. ഏകോപനമില്ലായ്മയാണ് ഇതിനു കാരണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.