തിരുവനന്തപുരം: കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച് നിര്‍ത്താന്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 9 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്ക് കര്‍ഫ്യു തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പ്, പത്രം, പാല്‍, മാധ്യമ പ്രവര്‍ത്തകര്‍ രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹോട്ടലുകളില്‍ നിന്നും രാത്രി 9 ന് ശേഷം പാര്‍സല്‍ വിതരണം പാടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നീ നിര്‍ദ്ദേശങ്ങളും ഉത്തരവിലുണ്ട്.
പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല.
സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മള്‍ട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനും പുറത്തിറങ്ങുന്നതിനുമാണ് നിയന്ത്രണം. ചരക്ക് ഗതാഗതത്തെയും പൊതുഗതാഗതത്തെയും ബാധിക്കാതെയാണ് നിയന്ത്രണം. എന്നാല്‍ ടാക്സികളില്‍ നിശ്ചിത ആളുകള്‍ മാത്രമേ കയറാവൂ.
ട്യൂഷന്‍ ക്ലാസുകള്‍ അനുവദിക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടൂള്ളു. മെയ് വരെ പിഎസിസി പരീക്ഷള്‍ പാടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങള്‍ക്കും സാധ്യമായ ഇടങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുടെ ആരാധനകള്‍ ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികള്‍ ഇടക്ക് വിലയിരുത്തും.
രാവിലെ ചീഫ് സെക്രട്ടറിവിളിച്ച യോഗത്തില്‍ പൊലീസാണ് രാത്രികാല കര്‍ഫ്യൂ എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. വരും ദിവസങ്ങളില്‍ കേസുകളുടെ എണ്ണം കൂടുമെന്ന സാഹചര്യം മുന്നില്‍ കണ്ട് നിയന്ത്രണം കടുപ്പിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഉച്ചക്ക് ശേഷം ചേര്‍ന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍കമ്മിറ്റി യോഗം ഇത് അംഗീകരിക്കുകയായിരുന്നു.
മെയ് രണ്ടിന് ഫലപ്രഖ്യാപന ദിവസം ആഘോഷങ്ങള്‍ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുഖ്യമന്ത്രിക്ക് നല്‍കിയ കുറുപ്പില്‍ വ്യക്തമാക്കുന്നു. ആള്‍ക്കുട്ടങ്ങളും അനുവദിക്കരുത്. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ വീണ്ടും വ്യാപകപരിശോധന നടത്താനും തീരുമാനിച്ചു.