തിരുവനന്തപുരം: കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ശനിയും ഞായറും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. പോലീസ് നിരത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. പൊതുഗതാഗതത്തിനും അവശ്യ സേവനങ്ങള്‍ക്കുമാണ് ഇളവ് അനുവദിച്ചിട്ടുളളത്.
നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പരിശോധനയും കര്‍ശന നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവരില്‍ നിന്ന് പോലീസ് അഞ്ഞൂറുരൂപ പിഴ ഈടാക്കുന്നുണ്ട്. ചിലരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തു. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കുമായി പുറത്തിറങ്ങിയ പലരും സത്യപ്രസ്താവനയോ മറ്റുരേഖകളോ ഇല്ലാതെ പുറത്തിറങ്ങുന്നതും ആദ്യ മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശം പോലീസ് നല്‍കിയിട്ടുണ്ട്.
വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, പാഴ്‌സല്‍ സര്‍വീസുളള ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. എന്നാല്‍ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഉച്ചയോടെ സര്‍വീസ് നിര്‍ത്താനാണ് ആലോചിക്കുന്നതെന്ന് കോഴിക്കോട്ടെ സ്വകാര്യബസ് ഉടമകള്‍ അറിയിച്ചു.