വാട്സാപ്പ് ഗ്രൂപ്പുകളിൽ അഡ്മിന്റെ അറിവോ പങ്കാളിത്തമോ ഇല്ലതെ ചില അംഗങ്ങള്‍ ചെയ്യുന്ന കുറ്റത്തിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനുണ്ടാകില്ലെന്ന് കോടതി. ഗ്രൂപ്പിലിടുന്ന ആക്ഷേപകരമായ പോസ്റ്റുകളുടെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനുണ്ടാകില്ലെന്നും അതിന്റെ പേരില്‍ അവരെ കുറ്റവാളിയായി മുദ്രകുത്താനാവില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിരീക്ഷിച്ചു.
ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗമായ വനിതയ്‌ക്കെതിരെ മറ്റൊരു ഗ്രൂപ്പ് അംഗം നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ തള്ളമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
ഒരു വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന് മറ്റ് അംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പില്‍ നിന്ന് അംഗങ്ങളെ ഒഴിവാക്കാനോ കൂട്ടിച്ചേര്‍ക്കാനോ മാത്രമേ സാധിക്കൂ. ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്താല്‍ അതിലെ അംഗങ്ങളും അഡ്മിനും ഏതാണ്ട് ഒരുപോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
ഗ്രൂപ്പ് അംഗങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതൊക്കെ മുന്‍കൂട്ടി അറിയാനും അവ നിയന്ത്രിക്കാനും അവരുടെ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാനുമുള്ള കഴിവൊന്നും അഡ്മിനുകള്‍ക്കില്ല. ഈ സാഹചര്യത്തില്‍ അഡ്മിന്‍ കൂടി അറിഞ്ഞുകൊണ്ട് സംഘടിതമായി നടക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ അവര്‍ ഉത്തരവാദിയാകുകയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു.