ഭോപ്പാല്‍: ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗി മരിച്ചതായി രണ്ടു വട്ടം ബന്ധുക്കളെ തെറ്റായി വിവരം അറിയിച്ചെന്ന് പരാതി. മധ്യപ്രദേശിലെ അടല്‍ ബിഹാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.
അന്‍പത്തിയെട്ടുകാരനായ ഗോരേലാല്‍ കോരി മരിച്ചതായി ആശുപത്രി അധികൃതര്‍ രണ്ടു വട്ടം അറിയിച്ചെന്ന് മകന്‍ കൈശാസ് കോരി പറഞ്ഞു. ഏപ്രില്‍ 12നാണ് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെ ജീവനക്കാര്‍ അച്ഛന്‍ മരിച്ചതായി അറിച്ചു. കുറച്ചു നേരം കഴിഞ്ഞ് അതു തെറ്റായ വിവരം ആണെന്നും അച്ഛന്‍ ജീവനോടെയുണ്ടെന്നും വന്നു പറഞ്ഞു.
വൈകിട്ട് നാലരയായപ്പോള്‍ ആശുപത്രിയില്‍നിന്നു വീണ്ടും കോള്‍ വന്നു. അച്ഛന് അടിയന്തര ശസ്ത്രക്രിയ വേണമെന്നായിരുന്നു കോള്‍. രാത്രി എട്ടരയ്ക്ക് അച്ഛന്‍ മരിച്ചെന്നു വീണ്ടും അറിയിപ്പ്. മൃതദേഹം രാവിലെ കൈമാറുമെന്നും അറിയിച്ചു.
രാവിലെ സംസ്‌കാരത്തിനുള്ള ഏര്‍പ്പെടാകളെല്ലാം പൂര്‍ത്തിയാക്കിയാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ പോയത്. അപ്പോള്‍ ആശുപത്രി അധികൃതര്‍ പറഞ്ഞത്, അച്ഛനു ജീവനുണ്ടെന്നാണ്. ഗുരുതര നിലയില്‍ തുടരുകയാണെന്നും അറിയിച്ചതായി കൈലാസ് പറഞ്ഞു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഗോരേലാലിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് ഉണ്ടായതെന്നും മെഡിക്കല്‍ കോളജ് ഡീന്‍ പറഞ്ഞു. ഹൃദയമിടിപ്പ് നിലച്ചപ്പോള്‍ ഡ്യൂട്ടി നഴ്‌സ് കൂടെയുണ്ടായിരുന്ന സഹായിയോട് രോഗി മരിച്ചതായി അറിയിച്ചു. ഈ വിവരമാണ് ബന്ധുക്കളെ അറിയിച്ചത്. അതേസമയം ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കി രോഗിയെ ജീവിപ്പിക്കുകയും ചെയ്തതായി ഡീന്‍ വിശദീകരിച്ചു.