ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ 2020 ല്‍ ചെയ്തതുപോലെ രാജ്യത്ത് വലിയ രീതിയിലുളള ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രതിരോധം ശക്തിപ്പെടുത്തുക എന്ന മാര്‍ഗമാണ് ഇത്തവണ സര്‍ക്കാര്‍ അവലംബിക്കുകയെന്നും അവര്‍ വ്യക്തമാക്കി. ലോകബാങ്ക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡേവിഡ് മല്ഡപാസ്സുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിലാണ് ഇതുവരെ കേന്ദ്രം സ്വീകരിച്ചിരിക്കുന്ന തീരുമാനങ്ങളെ കുറിച്ച് ധനമന്ത്രി വ്യക്തമാക്കിയത്.
‘കോവിഡ് രണ്ടാം തരംഗത്തില്‍ വലിയ തോതിലുളള ലോക്ഡൗണിലേക്ക് പോകില്ലെന്ന് ഞങ്ങള്‍ക്ക് വളരെ വ്യക്തമാണ്. സമ്പദ്ഘടനയെ പൂര്‍ണമായി തടഞ്ഞുവെക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രോഗികളുടെ, ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളുടെ ഐസോലേഷന്‍ പോലുളള പ്രാദേശിക രീതികളിലൂടെയായിരിക്കും ഈ പ്രതിസന്ധിയെ ഞങ്ങള്‍ കൈകാര്യം ചെയ്യുക. രണ്ടാംതരംഗത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ല.’ – നിര്‍മല സീതാരാമന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ കുത്തിവെപ്പ്, സമ്പദ്ഘടനയുടെ പുനരുജ്ജീവനം, കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ സ്വീകരിച്ച തന്ത്രം എന്നിവയെകുറിച്ചെല്ലാം ധനകാര്യമന്ത്രി ലോകബാങ്ക് അധ്യക്ഷനുമായി ചര്‍ച്ച നടത്തി. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്- വാക്‌സിനേഷന്‍, കോവിഡ് 19ന് ഉചിതമായ പെരുമാറ്റം എന്ന തന്ത്രമാണ് കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ കൈക്കൊണ്ടിട്ടുളളതെന്ന് അവര്‍ വ്യക്തമാക്കി. വികസനത്തിനായുളള ധലഭ്യത വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യക്കുളള വായ്പ ഉയര്‍ത്താന്‍ ലോകബാങ്ക് സ്വീകരിച്ച നടപടികളെ നിര്‍മല സീതാരാമന്‍ അഭിനന്ദിച്ചു.
സിവില്‍ സര്‍വീസ്, സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനം, ജലവിഭവം, ആരോഗ്യം എന്നീ മേഖലകളിലെ സമീപകാല പദ്ധതികള്‍ ഉള്‍പ്പടെയുള്ള പങ്കാളിത്തത്തിന്റെ പ്രധാന്യത്തെ കുറിച്ച് ധനകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് ലോകബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കോവിഡ് 19 മഹാമാരിക്കെതിരായ ഇന്ത്യയുടെ പ്രതിരോധ നടപടികള്‍, രാജ്യത്തെ വലിയതോതിലുളള ആഭ്യന്തര വാക്‌സിന്‍ ഉല്പാദനക്ഷമത എന്നിവയെ കുറിച്ചും ചര്‍ച്ച ചെയ്തതായി പ്രസ്താവനയില്‍ പറയുന്നുണ്ട്.