ജയ്പൂര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ വര്‍ഗീയകലാപം. കലാപം നേരിടാന്‍ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് ബാരനിലെ ഛബ്ര ടൗണില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഒരു കൂട്ടമാളുകള്‍ ടൗണില്‍ മാര്‍ച്ച് ചെയ്യുകയും കടകള്‍ അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
പിന്നാലെ സ്വകാര്യബസുകളും കാറുകളും അഗ്നിക്കിരയാക്കി. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രണ്ട് യുവാക്കള്‍ ജാട്ട്, ഗുജ്ജര്‍ സമുദായങ്ങളിലുള്ളവരാണ്.
പരസ്പരം ചേരിതിരിഞ്ഞ് വടികളും ഇരുമ്പുദണ്ഡുകളും കൊണ്ടാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിലനില്‍ക്കുന്നത് ഗുരുതരസാഹചര്യമാണെന്നും സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി മുതല്‍ ഏപ്രില്‍ 13 വരെയാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടത്തിയിരിക്കുന്നത്.