രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ ഉത്തര്‍പ്രദേശിലെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഒരു ബെഡിന് 50 രോഗികള്‍ വരെ ക്യൂ നില്‍ക്കുന്ന സാഹചര്യമാണ് നിലവിൽ യു.പിയിലുള്ളതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യത്തിന് ഐസിയുകളും വെന്‍റിലേറ്ററുകളുമില്ലാതെ വലയുകയാണ് ലക്‌നൗവിലെ ആശുപത്രികള്‍. നിലവില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ്.
ആശുപത്രിയിൽ എത്തി രണ്ട് ദിവസമായിട്ടും ഓക്സിജന്‍ മാസ്ക് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് കിങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെത്തിയ 38 വയസ്സുകാരനായ വികാസ് വര്‍മ പറയുന്നു. ‘രണ്ട് ദിവസമായി ആശുപത്രിയില്‍ കിടക്കയ്ക്കായി കാത്തുനില്‍ക്കുകയാണ് ഞാന്‍. ശ്വസന തടസ്സമുണ്ട്. ഓക്സിജന്‍ മാസ്ക് മാത്രമാണ് ഇതുവരെ ലഭിച്ചത്. ബെഡ് ഒഴിയുമ്പോള്‍ എന്നെ അങ്ങോട്ട് മാറ്റുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്നും വികാസ് പറയുന്നു.
കോവിഡ് പോസിറ്റീവായ 70കാരി സരള അശ്വതിക്കൊപ്പം ആശുപത്രിയിലെത്തിയ മകന്‍ പറയുന്നതിങ്ങനെ- “എന്‍റെ അമ്മയ്ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ അഞ്ച് സ്വകാര്യ ആശുപത്രികളില്‍ പോയി. വെന്‍റിലേറ്ററുകള്‍ ഒഴിവില്ലെന്നാണ് എല്ലായിടത്തുനിന്നും കിട്ടിയ മറുപടി. അമ്മയുടെ ഓക്സിജന്‍ ലെവല്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് വെന്‍റിലേറ്റര്‍ കിട്ടിയേ തീരൂ. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഈ മുറി മുഴുവന്‍ ആളുകളുടെ കരച്ചിലും തേങ്ങലുമാണ്. ഹൃദയം നുറുങ്ങുന്നു”.