ഐ.പി.എല്‍ 14ാം സീസണിലെ അഞ്ച് മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയാകുമ്പോള്‍ സൂപ്പര്‍ താരങ്ങളെ നഷ്ടപ്പെട്ട് പരുങ്ങലിലായിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ലിയാം ലിവിംഗ്സ്റ്റന്‍, ആന്‍ഡ്രൂ ടൈ എന്നിവരെയാണ് രാജസ്ഥാന് സീസണില്‍ നഷ്ടമായത്. ഇവരുടെ നികവ് നികത്താന്‍ മറ്റ് ടീമുകളെ ആശ്രയിക്കാനുള്ള നീക്കത്തിലാണ് റോയല്‍സ്.
മിഡ്-സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മറ്റു ടീമുകളില്‍ നിന്ന് കളിക്കാരെ വായ്പയെടുക്കാനുള്ള നീക്കങ്ങള്‍ ടീം ആരംഭിച്ചു കഴിഞ്ഞു. മിഡ്-സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഒരുപിടി നല്ലതാരങ്ങളെ രാജസ്ഥാന് സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ടീമുകളില്‍ നിരവധി നല്ല താരങ്ങളാണ് ഇതുവരെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരമില്ലാതെ പുറത്തിരിക്കുന്നത്.
റോബിന്‍ ഉത്തപ്പ: രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിക്കാന്‍ ഇതിനോടകം നീക്കം തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമാണ് ഉത്തപ്പ. ആന്‍ഡ്രൂ ടൈയും ലിയാം ലിവിംഗ്സ്റ്റണും ‘ബബിള്‍ ക്ഷീണം’ കാരണം ടീം വിട്ടുപോയ സാഹചര്യത്തില്‍ മുന്‍നിര ശക്തമാക്കാന്‍ ഉത്തപ്പയെ ചെന്നൈ കനിഞ്ഞാല്‍ രാജസ്ഥാന് പ്രയോജനപ്പെടുത്താം. ഈ സീസണ് മുമ്പായി രാജസ്ഥാനില്‍ നിന്നും ചെന്നൈ സ്വന്തമാക്കിയ താരമാണ് ഉത്തപ്പയെന്നതാണ് ശ്രദ്ധേയം.
അജിങ്ക്യ രഹാനെ: രാജസ്ഥാന് സ്വന്തമാക്കാവുന്ന മറ്റൊരു സൂപ്പര്‍ താരം. നേരത്തെ റോയല്‍സിന്റെ താരമായിരുന്ന താരം ഇപ്പോള്‍ ഡല്‍ഹി ക്യപിറ്റല്‍സിലാണ്. ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് രഹാനെ കളിച്ചിട്ടുള്ളത്. മികച്ച ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ രഹാനെയെ റോയല്‍സിന് വായ്പയെടുക്കാം.
സാം ബില്ലിംഗ്‌സ് (ഡല്‍ഹി), ഇഷാന്‍ പോറല്‍ (പഞ്ചാബ്), ജിമ്മി നീഷാം (മുംബൈ) എന്നിവരാണ് മിഡ്-സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ രാജസ്ഥാന് സ്വന്തമാക്കാനാവുന്ന മറ്റ് പ്രമുഖ താരങ്ങള്‍. ടീമിന് വേണ്ടി രണ്ടോ അതില്‍ കുറവേ മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരങ്ങളെ മാത്രമേ മിഡ്-സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യാന്‍ സാധിക്കൂ.