മാലിന്യമുണ്ടാക്കുന്നവരിൽ നിന്ന് പ്രതിമാസം യൂസർഫീ ഈടാക്കാൻ സർക്കാർ നിർദേശം

0
274

സംസ്ഥാനത്ത് മാലിന്യമുണ്ടാക്കുന്നവരിൽ നിന്ന് പ്രതിമാസം യൂസർഫീ ഈടാക്കണമെന്ന് സർക്കാർ നിർദേശം. മാലിന്യം ഉപയോഗിച്ച് ഭൂമി നികത്താൻ അനുവദിക്കില്ല. പൊതു നിരത്തുകളിൽ മാലിന്യം കത്തിക്കരുതെന്നും സർക്കാർ നിർദേശം നൽകി. ഖരമാലിന്യ നിർമാർജ്ജനത്തിനു ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതി തയാറാക്കണം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ശിക്ഷാ നടപടി ഭയന്നാണ് സർക്കാർ കർശന നടപടിയിലേക്ക് കടന്നത്.

ഖരമാലിന്യ നിർമാർജ്ജനത്തിന് കേന്ദ്ര സർക്കാരിന്റെ 2016 ലെ വ്യവസ്ഥകൾ സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വ്യവസ്ഥകൾ നടപ്പാക്കാതിരുന്നാൽ ബന്ധപ്പെട്ടവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ സാധ്യതയുള്ളതിനാലാണ് സംസ്ഥാന സർക്കാർ കർശന നടപടിയിലേക്ക് കടന്നത്.

എല്ലാ പഞ്ചായത്തുകളും നഗരസഭകളും മാലിന്യ സംസ്‌കാരണത്തിന് പദ്ധതി തയാറാക്കണമെന്ന് സർക്കാർ നിർദേശം നൽകി. വാതിൽപ്പടി ശേഖരണത്തിന് ക്രമീകരണം ഏർപ്പെടുത്തേണ്ടതും ഇവരുടെ ചുമതലയാണ്. മാലിന്യം ശേഖരിക്കുന്നവർക്കും ഈ രംഗത്തെ അസംഘടിത മേഖലയിലുള്ളവരേയും രജിസ്റ്റർ ചെയ്യുകയും തിരിച്ചറിയൽ കാർഡ് നൽകുകയും വേണം. മാലിന്യങ്ങൾ വലിച്ചെറിയുന്നതു കർശനമായി തടയണം. പൊതുനിരത്തിൽ മാലിന്യം കത്തിക്കാൻ അനുവദിക്കരുത്. മാലിന്യം ഉൽപ്പാദിപ്പിക്കുന്നവരിൽ നിന്ന് പ്രതിമാസം യൂസർഫീ ഈടാക്കണം. അശാസ്ത്രീയമായ ഭൂമി നികത്തലും മാലിന്യങ്ങൾ കൂട്ടിക്കലർത്തി നികത്തുന്നതും കർശനമായും തടയാൻ നടപടിയെടുക്കണം. കാലപ്പഴക്കമുള്ള മാലിന്യകൂമ്പാരങ്ങളിൽ ബയോമൈനിംഗ് നടത്തണം. കെട്ടിട നിർമാണത്തിന്റേയും പൊളിക്കലിന്റേയും ഭാഗമായി വരുന്ന മാലിന്യങ്ങളിൽ നിന്ന് 20 ശതമാനം വരെ സാധനങ്ങൾ സർക്കാർ നിർമാണങ്ങൾക്ക് ഉപയോഗിക്കണമെന്നും സർക്കാർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here