രാജ്യത്ത് കൊവിഡ് മരുന്ന് ക്ഷാമം രൂക്ഷമാകുന്നതിനിടെ ഉത്തര്‍ പ്രദേശില്‍ മരുന്ന് ആവശ്യപ്പെട്ട് എത്തിയ കൊവിഡ് രോഗിയുടെ ബന്ധുവിനെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണം. മരുന്ന് ആവശ്യപ്പെട്ട് ഓഫീസിലെത്തിയാല്‍ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം.
കൊവിഡ് ബാധിതരായ ബന്ധുക്കള്‍ക്ക് വേണ്ടി കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ ആവശ്യപ്പെട്ടായിരുന്നു ആരോപണമുന്നയിക്കുന്ന സ്ത്രീയും ബന്ധുക്കളും സിഎംഒ ഓഫീസിലെത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ പ്രകാരം മൂന്ന് സ്ത്രീകള്‍ സിഎംഒ ദീപക് ഒഹ്രിയോട് അവരുടെ ഭര്‍ത്താക്കന്മാരുടെ ജീവന്‍ രക്ഷിക്കാനുള്ള മരുന്ന് നല്‍കണമെന്ന് കൈകൂപ്പി അപേക്ഷിക്കുകയും കാലുപിടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍.
#WATCH Noida | Families of #COVID19 patients touch the feet of Chief Medical Officer (CMO) Deepak Ohri, requesting him that they be provided with Remdesivir.
(27.04.2021) pic.twitter.com/zX4ne027Mr
— ANI UP (@ANINewsUP) April 28, 2021
എന്നാല്‍ നിലവില്‍ മരുന്നില്ലെന്നും ലഭിക്കുമ്പോള്‍ നല്‍കാമെന്നും സിഎംഒ പറഞ്ഞെന്നും. മരുന്നിനായി താന്‍ വീണ്ടും വരുമെന്ന് പറഞ്ഞപ്പോള്‍, വീണ്ടും വന്നാല്‍ ജയിലിലേക്ക് അയക്കുമെന്ന് സിഎംഒ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ആരോപണമുന്നയിക്കുന്ന യുവതിയുടെ ഭര്‍ത്താവ് നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിതനായി ചികിത്സയിലാണ്.
മരുന്നിനായി അപേക്ഷയുമായി സിഎംഒ ഓഫീസിലെത്തിയ മറ്റുള്ളവര്‍ക്കും മരുന്ന് ലഭിച്ചില്ലെന്ന് പറഞ്ഞതായാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞത്.
ഗൗതം ബുദ്ധ നഗറില്‍ മരുന്നുകളുടെയോ ആശുപത്രി കിടക്കകളുടെയോ കുറവില്ലെന്നാണ് ജില്ലാ ഭരണകൂടവും സിഎംഒയും അവകാശപ്പെടുന്നതെങ്കിലും ജില്ലയിലെ നിരവധി ആളുകള്‍ റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കായി ബുദ്ധിമുട്ടുന്നുണ്ടെന്നാണ് സംഭവം വെളിപ്പെടുത്തുന്നത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ദില്ലിയോട് ചേര്‍ന്നുള്ള ഗൗതം ബുദ്ധ നഗര്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലകളിലൊന്നാണ്.
അതേസമയം, ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിസന്ധി തുടരവെ ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.