മഅ്ദനി കേരളത്തിലെത്തിയാല്‍ ഭീകരസംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കും; സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍

0
355

ന്യൂദല്‍ഹി: ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലം.

കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചാല്‍ മഅ്ദനി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും ഭീകരസംഘടനകളുമായി ചേര്‍ന്ന് ഇതിനായുള്ള നീക്കം നടത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു.

ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹരജി നല്‍കിയിരുന്നു.എന്നാല്‍ മഅ്ദനി അപകടകാരിയായ മനുഷ്യന്‍ ആണെന്നായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അഭിപ്രായപ്പെട്ടത്.

അബ്ദുള്‍ നാസര്‍ മഅ്ദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു എസ്.എ.ബോബ്ഡെ പറഞ്ഞത്.

ബെംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യങ്ങള്‍.

ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണയുടെ പോക്ക്. ബംഗളൂരുവിലെ വിചാരണക്കോടതിയില്‍ ജഡ്ജിയും ഇല്ല. ആരോഗ്യ അവസ്ഥയും ബംഗളൂരുവില്‍ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2014 ജൂലൈയിലാണ് സുപ്രിംകോടതി അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here