മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളം വഴി വ്യത്യസ്ത ദിവസങ്ങളിൽ കടത്താൻ ശ്രമിച്ച ഒരുകോടിയിലേറെ രൂപ വിലവരുന്ന രണ്ടരക്കിലോയിലേറെ സ്വർണവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മൊത്തം 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വർണമാണ് മൂന്നുദിവസത്തിനിടെ പിടിച്ചത്. കാസർകോട് സ്വദേശികളായ അബ്ദുൾ സലാം മാണിപ്പറമ്പ്, മുഹമ്മദ് അഷറഫ്, ഉള്ളാൾ സ്വദേശിയായ മുഹമ്മദ് ആഷിഫിൽ എന്നിവരാണ് പിടിയിലായത്.
മംഗളൂരു ഉള്ളാൾ സ്വദേശിയായ മുഹമ്മദ് ആഷിഫിൽ നിന്ന് 92,27,590 രൂപ വില വരുന്ന 1.993 കിലോ സ്വർണം പിടികൂടി. പുലർച്ചെ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാസവസ്തു ചേർത്തു പശരൂപത്തിലാക്കിയ സ്വർണം പ്രത്യേകം തയ്യാറാക്കിയ അടിവസ്ത്രം, ജീൻസ്, കാൽമുട്ട് കവചം എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ അവിനാശ് കിരൺ റൊങ്കാലിയുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീകാന്ത്, സതീഷ്, ഇൻസ്‌പെക്ടർ പ്രഫുൽ എന്നിവർ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.
ഷാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ അബ്ദുൾ സലാം മാണിപ്പറമ്പ്, ദുബായിൽ നന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായ മലയാളികൾ.
കാസർകോട് സ്വദേശികളായ ഇവർ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് എത്തിയത്. മൊത്തം 26,43,840 രൂപ വില വരുന്ന 576 ഗ്രാം സ്വർണം ഇവരിൽനിന്ന് പിടികൂടി. കസ്റ്റംസ് സൂപ്രണ്ടുമാരായ രാകേഷ്, സി.എം. മീണ, ആശിഷ് വർമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്.