പ്രവാസികള്‍ക്ക് തിരിച്ചടി; ഗള്‍ഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാള്‍

0
580

കാഠ്മണ്ഡു: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം വ്യക്തമാക്കി. നാളെ രാത്രി മുതല്‍ ഇത്തരത്തിലുള്ള യാത്രകള്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് നേപ്പാള്‍ ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളില്‍ എത്തിയ മുഴുവന്‍ ഇന്ത്യാക്കാരും രാജ്യം വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രവാസികള്‍ കൂട്ടത്തോടെ നേപ്പാള്‍ വഴി ഗള്‍ഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്. ഒമാന്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇതിനകം നേപ്പാള്‍ വഴി ഒട്ടനവധി പ്രവാസികള്‍ എത്തിച്ചേര്‍ന്നിരുന്നു.

എന്നാല്‍, മറ്റൊരു രാജ്യത്ത് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടത്തോടെ ഇന്ത്യാക്കാര്‍ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നേപ്പാള്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. പതിനാലായിരം ഇന്ത്യാക്കാരാണ് ഗള്‍ഫിലേക്ക് കടക്കുക എന്ന ഉദ്ദേശത്തോടെ ഇപ്പോള്‍ നേപ്പാളിലെത്തിയിരിക്കുന്നത്.

ഗള്‍ഫിലേക്ക് കടക്കുക എന്ന ലക്ഷ്യത്തോടെ നേപ്പാളിലെത്തിയവര്‍ നാളെ രാത്രിക്കകം നേപ്പാള്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ ഇവര്‍ അനിശ്ചിതമായി നേപ്പാളില്‍ കുടുങ്ങിപ്പോകുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here