ദുബൈ: ദുബൈയില്‍ പണം തട്ടിയെടുത്ത് ഓടിയ കള്ളനെ കാല്‍ കുറുകെ വെച്ച് വീഴ്ത്തി പിടികൂടാന്‍ സഹായിച്ച മലയാളിക്ക് അഭിനന്ദന പ്രവാഹം. 80 ലക്ഷം രൂപയോളം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ നോക്കിയ മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ച് ദുബൈയില്‍ താരമായ വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറിനെ(40)ഇസിഎച്ച് ഗ്രൂപ്പ് അനുമോദിച്ചു. ജാഫറിന്റെ സമയോചിതമായ ഇടപെടലിനെയും ആത്മധൈര്യത്തെയും സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി അഭിനന്ദിച്ചു.
സന്ദര്‍ശക വിസയില്‍ തുടരുന്ന ജാഫറിന് ഇസിഎച്ചില്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസിഎച്ചിന്റെ ഓഫീസില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഓപ്പറേഷന്‍സ് തലവന്‍ പി എം അബ്ദുറഹ്മാന്‍ ജാഫറിന് സ്‌നേഹോപഹാരം നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് സമീപത്താണ് സംഭവം ഉണ്ടായത്. പുതിയ ജോലിക്കായി വിസിറ്റിങ് വിസയില്‍ ദുബൈയിലെത്തിയതാണ് ജാഫര്‍. ഇതിനിടെ ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായത്തിന് നില്‍ക്കുകയായിരുന്നു. ‘കള്ളന്‍, കള്ളന്‍, പിടിച്ചോ’ എന്ന് വിളിച്ചു പറയുന്നത് ശ്രദ്ധയില്‍പ്പെട്ട ജാഫര്‍ ഉടന്‍ തന്നെ റോഡിലൂടെ ഓടി വന്ന മോഷ്ടാവിനെ കുറുകെ കാല്‍വെച്ച് വീഴ്ത്തി. നിലത്ത് വീണ കള്ളന്‍ ഓടാന്‍ ശ്രമിച്ചപ്പോഴേക്കും മറ്റുള്ളവരും എത്തി ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഇന്ത്യക്കാരന്‍ ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോയ 3.9 ലക്ഷം ദിര്‍ഹം(80 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച മോഷ്ടാവിനെയാണ് ജാഫര്‍ കാല്‍കൊണ്ട് വീഴ്ത്തിയതെന്നാണ് വിവരം. 30 വയസ്സുള്ള ഏഷ്യന്‍ സ്വദേശിയാണ് പിടിയിലായത്. ഫുട്‌ബോള്‍ കളിക്കാരനായ ജാഫര്‍ മുമ്പ് അല്‍ ഐനില്‍ ശൈഖ് ഈസാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ കൊട്ടാരത്തില്‍ ഡ്രൈവറായിരുന്നു. ജാഫര്‍ മോഷ്ടാവിനെ കാല്‍കൊണ്ട് വീഴ്ത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.