നാണക്കേടിന്റെ റെക്കോഡില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്; ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യം!

0
472

ഐ.പി.എല്ലില്‍ രാജസ്ഥാനെതിരായ മത്സരം തോറ്റതിനൊപ്പം നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി നിരയില്‍ ആര്‍ക്കും ഒരു സിക്‌സ് പോലും നേടാനായില്ല എന്നതാണ് നാണക്കേടിന് വഴി തുറന്നിരിക്കുന്നത്. 75 ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നിട്ടുള്ള മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇതിനു മുമ്പ് ഒരു ടീമും ഒരു സിക്‌സ് പോലും നേടാതിരുന്നിട്ടില്ല. ആ നല്ല പേരാണ് ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി ഡല്‍ഹി തിരുത്തി കുറിച്ചത്.

രാജസ്ഥാനെതിരായ മത്സരത്തില്‍ ഡല്‍ഹി നായകന്‍ റിഷഭ് അര്‍ദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞിരുന്നു. ഒരു സിക്‌സ് പോലും പായിക്കാതെ ഐ.പി.എല്ലില്‍ പന്ത് അര്‍ദ്ധസെഞ്ച്വറി നേടുന്നത് ഇതാദ്യമായാണ്. മത്സരത്തില്‍ 32 ബോളില്‍ 9 ഫോറുകളുടെ അകമ്പടിയിലാണ് പന്ത് 51 റണ്‍സ് നേടിയത്. മത്സരത്തില്‍ രാജസ്ഥാന്‍ ഏഴ് സിക്‌സറുകള്‍ പറത്തിയിരുന്നു.

മൂന്ന് വിക്കറ്റിനാണ് മത്സരത്തില്‍ രാജസ്ഥാന്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. അവസാന രണ്ട് ഓവറില്‍ രാജസ്ഥാന് വിജയത്തിലേക്ക് 27 റണ്‍സാണ് വേണമെന്നിരിക്കെ 19ാം ഓവറില്‍ കഗീസോ റബാഡയ്ക്കെതിരെയും 20ാം ഓവറില്‍ ടോം കറനെതിരെയും രണ്ടു വീതം പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തി മോറിസ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ മോറിസ് 18 പന്തില്‍ 36 റണ്‍സ് നേടി.

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ ദക്ഷിണാഫ്രിക്കക്കാരായ ഡേവിഡ് മില്ലര്‍ (43 പന്തില്‍ 62), ക്രിസ് മോറിസ് എന്നിവരുടെ ഇന്നിംഗ്‌സുകളാണ് രക്ഷപ്പെടുത്തിയത്. നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി നിര്‍ണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ഒരു സിക്‌സര്‍ സഹിതം ഏഴു പന്തില്‍ 11 റണ്‍സുമായി മോറിസിനൊപ്പം വിജയത്തിലേക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത ജയ്‌ദേവ് ഉനദ്കടാണ് കളിയിലെ താരം.

LEAVE A REPLY

Please enter your comment!
Please enter your name here