തെരഞ്ഞെടുപ്പ് പിരിവ് നല്‍കാന്‍ വൈകി; നിർമാണം തുടങ്ങിയ വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് ഡി.വൈ.എഫ്.ഐ. കൊടി നാട്ടി

0
395

കാസർകോട് ∙ തിരഞ്ഞെടുപ്പിനു പിരിവു നൽകാൻ വൈകിയതിന്റെ വൈരാഗ്യത്തിൽ നിർമാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐ കൊടി നാട്ടിയെന്നു പരാതി. കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി.എം. റാസിഖിന്റെ വീടിന്റെ തറയാണു പൊളിച്ചത്. ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി.

വിവാദമായതോടെ പാർട്ടി പ്രവർത്തകരാരോ പിന്നീടു കൊടി മാറ്റി. എന്നാൽ വയലിൽ വീട് നിർമിക്കുന്നതിനെതിരെ പഞ്ചായത്തിൽ പരാതി കിട്ടിയിരുന്നുവെന്നും ഇക്കാര്യം ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നുമാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.സബീഷിന്റെ വാദം. തറ പൊളിച്ചു കൊടി നാട്ടിയതിനെ പാർട്ടി അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു.

പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയതെന്നു റാസിഖ് പറയുന്നു. ഇതിന്റെ പകർപ്പ് ഉൾപ്പെടെയാണു പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വില്ലേജ് ഓഫിസർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഇതിനിടെ തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി ഫണ്ടിലേക്കു സംഭാവന വേണമെന്നു നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പണം നൽകാമെന്നു റാസിഖ് ഉറപ്പ് നൽകിയിരുന്നതായി പറയുന്നു. ഇതു വൈകിയതോടെയാണ് പ്രവർത്തകർ പ്രകോപിതരായത്.

LEAVE A REPLY

Please enter your comment!
Please enter your name here