തിരുവനന്തപുരം: തുടർഭരണം എന്ന ലക്ഷ്യം സാദ്ധ്യമാണെങ്കിലും സിറ്റിംഗ് സീറ്റുകൾ പലതും കൈവിടുമോ എന്ന കനത്ത ആശങ്കയിൽ സി പി എം. ഇതിൽ പലതും ഉറച്ച കോട്ടകളാണെന്നതാണ് ഏറെ പ്രാധാന്യം. യു ഡി എഫ് – ബി ജെ പി നീക്കുപോക്ക് ശക്തമായതാണ് ഇത്തരമൊരു ആശങ്കയിലേക്ക് എത്തിച്ചതെന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന സൂചന. വോട്ടുകച്ചവടത്തിനൊപ്പം പട്ടികവർഗവിഭാഗങ്ങളിലടക്കം തെറ്റിദ്ധാരണയുണ്ടാക്കി വോട്ട് തങ്ങൾക്കനുകൂലമാക്കാനും യു ഡി എഫ് വ്യാപക ശ്രമം നടത്തി എന്നും സി പി എം വിലയിരുത്തുന്നു.
നെന്മാറ, നിലമ്പൂർ, അടൂർ, തൃപ്പൂണിത്തുറ തുടങ്ങിയ സുപ്രധാന സിറ്റിംഗ് സീറ്റുകൾ വലത്തോട്ട് ചാഞ്ഞേക്കും എന്ന് സി പി എം കണക്കുകൂട്ടുന്നുണ്ട്. ഇതിൽ നെന്മാറ ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയെന്ന് വിശേഷണമുള്ള മണ്ഡലമാണ്. ഇവിടെ വിജയം കൈവിട്ടുപോകില്ലെങ്കിലും നാമമാത്രമായ ഭൂരിപക്ഷംമാത്രമായിരിക്കും ലഭിക്കുകയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. വോട്ട് മറിക്കാൻ ഇവിടെ യു ഡി എഫ് പണമൊഴുക്കി എന്ന് സിറ്റിംഗ് എം എൽ എയും ഇടതുസ്ഥാനാർത്ഥിയുമായ കെ ബാബു തുറന്നുപറഞ്ഞതിൽ നിന്നുതന്നെ ഇത് വ്യക്തമാണ്. പ്രാദേശിക സി പി എം നേതൃത്വം സംസ്ഥാനക്കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ഉപതിരഞ്ഞെടുപ്പിലൂടെ എൽ ഡി എഫ് പിടിച്ചെടുത്ത അടൂരിൽ യു ഡി എഫ് ജാതിക്കളിനടത്തി വോട്ട് മറിച്ചെന്നാണ് സി പി എമ്മിന്റെ മറ്റാെരു വിലയിരുത്തൽ. പട്ടിക വിഭാഗത്തിന്റെയും ബി ജെ പിയുടെയും വോട്ടുകൾ അനുകൂലമാക്കാനുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. പട്ടികജാതി കോളനികളിൽ ജാതിവികാരം ഇളക്കിവിട്ട് വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ യു ഡി എഫ് ശ്രമിച്ചെന്നും ഇത് ഇടതിന് എതിരായ വികാരം ചില വിഭാഗങ്ങളിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുമാണ് പാർട്ടി കണക്കാക്കുന്നത്.
എൽ ഡി എഫ് തട്ടിയെടുത്ത തങ്ങളുടെ കോട്ടകൾ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃപ്പൂണിത്തുറയിലും നിലമ്പൂരും യു ഡി എഫ് കൈവിട്ടകളി നടത്തിയതെന്നാണ് സി പി എം വിലയിരുത്തുന്നത്. രണ്ടുമണ്ഡലങ്ങളിലും ബി.ജെ.പി. വോട്ടുകൾ ലഭിക്കാനുള്ള പ്രാദേശിക ഇടപെടൽ യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായി. നിലമ്പൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി രണ്ടുതവണ ബി.ജെ.പി. നേതാവിന്റെ വീട്ടിലെത്തി ചർച്ചനടത്തിയെന്ന് സിറ്റിംഗ് എം.എൽ.എ.കൂടിയായ പി.വി. അൻവർ പരസ്യമായി പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകൾ ഇടത് ആരോപണത്തിന് അടിവരയിടുകയും ചെയ്യുന്നു.‘‘പദവികൾക്കുവേണ്ടി മതേതരമൂല്യങ്ങൾ പണയംവെച്ച്, മതാത്മക രാഷ്ട്രീയത്തിന്റെ ഉപജാപങ്ങൾക്കുമുന്നിൽ മുട്ടിലിഴയുന്നവർ അറിയുക’’ എന്ന ആമുഖക്കുറിപ്പോടെയാണ് യു.ഡി.എഫ്. നേതാക്കൾക്കെതിരേയെന്ന് തോന്നിപ്പിക്കുന്ന പരോക്ഷവിമർശനം ഷൗക്കത്ത് നടത്തിയത്. ബി.ജെ.പി. വോട്ടുകൾ മാത്രമല്ല, മറ്റുചില വർഗീയസംഘടനകളുടെ വോട്ടുകളും സ്വന്തമാക്കാനുള്ള ‘അന്തർധാര’യാണ് ഷൗക്കത്ത് ചൂണ്ടിക്കാട്ടിയതെന്ന് ഇടതുനേതാക്കൾ പറയുന്നത്.
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് കാര്യങ്ങൾ എങ്ങനെയായി തീരുമെന്ന് പലയാനാവില്ലെന്നാണ് സി പി എം വിലയിരുത്തുന്നത്. ഇവിടെ ബി ജെ പിയും ലീഗും തമ്മിലാണ് പ്രധാന മത്സരം. എൽ ഡി എഫിന് കാര്യമായ ശക്തി മണ്ഡലത്തിലില്ല. കഴിഞ്ഞതവണ നിസാര വോട്ടുകൾക്കാണ് കെ സുരേന്ദ്രനെ മഞ്ചേശ്വരം കൈവിട്ടത്. ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം പിടിക്കണമെന്ന് ബി ജെ പിയും ഭൂരിപക്ഷമുയർത്താൻ ലീഗും കിണഞ്ഞു ശ്രമിക്കുകയാണ്. അതിനാൽ തന്നെ രാഷ്ട്രീയത്തിനതീതമായ ചില വികാരങ്ങൾ വോട്ടർമാരിലേക്ക് രണ്ടുപാർട്ടികളും പടർത്തിവിട്ടിട്ടുണ്ടെന്നാണ് സി പി എം വിലയിരുത്തുന്നത്. അതുകൊണ്ടാണ് ഈ മണ്ഡലത്തിൽ ഒരു വിലയിരുത്തൽ അസാദ്ധ്യമാക്കുന്നതും.
തലസ്ഥാന ജില്ലയിലെ എൽ ഡി എഫിന്റെ ഉറച്ചകോട്ടയായ വാമനപുരം, തൊട്ടടുത്തുള്ള നെടുമങ്ങാട് തുടങ്ങിയ ചില സിറ്റിംഗ് സീറ്റുകളിലും കാര്യങ്ങൾ അത്ര പന്തിയല്ല എന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന സൂചന.