ന്യൂഡല്‍ഹി: താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ആദ്യം ചെയ്യുകയെന്താണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രിയായാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ കേന്ദ്രീകൃതമായ നയങ്ങളില്‍ നിന്ന് തൊഴില്‍ കേന്ദ്രീകൃതമായ നയങ്ങളിലേക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ യുഎസ്. സെക്രട്ടറി നികോളാസ് ബേണ്‍സും രാഹുല്‍ ഗാന്ധിയും നടത്തിയ സംവാദത്തില്‍ പ്രധാനമന്ത്രിയായാല്‍ പ്രഥമ പരിഗണന നല്‍കുന്നത് ഏതിനായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വളര്‍ച്ചനിരക്ക് ഉയര്‍ത്തുന്നതിനേക്കാള്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും തൊഴിലുകളുടെ എണ്ണം ഉയര്‍ന്നില്ലെങ്കില്‍ ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതില്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യായമായ രാഷ്ട്രീയ പോരാട്ടത്തെ പിന്തുണയ്ക്കേണ്ട സ്ഥാപനങ്ങള്‍ക്ക് അതിന് സാധിക്കുന്നില്ല. 2014 ന് ശേഷം ബിജെപി രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചെടുത്തതോടെ സുതാര്യമായ രാഷ്ട്രീയ പോരാട്ടത്തേയും ബാധിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.