കോഴിക്കോട്: വിദ്വേഷ പരാമര്‍ശവുമായി സംവിധായകന്‍ അലി അക്ബര്‍. ലവ് ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്നും ക്രിസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കുമെന്നും കാക്ക കൊത്തുമെന്നുമായിരുന്നു അലി അക്ബറിന്റെ പരാമര്‍ശം.
ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ വിദ്വേഷ പരാമര്‍ശം. അലി അക്ബറിന്റെ പോസ്റ്റിന് താഴേ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇത്തരത്തിലാണെങ്കില്‍ അലി അക്ബര്‍ നടത്തിയതും ലവ് ജിഹാദ് അല്ലെ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. നേരത്തെ തന്റെ പുതിയ സിനിമയായ പുഴ മുതല്‍ പുഴവരെയെന്ന ചിത്രത്തിന് പണം ആവശ്യപ്പെട്ട് അലി അക്ബര്‍ രംഗത്ത് എത്തിയിരുന്നു.
സിനിമയുടെ നിര്‍മ്മാണത്തിനായി വിഷുക്കണി മമധര്‍മ്മയ്ക്ക് നല്‍കണമെന്നായിരുന്നു അലി അക്ബര്‍ പറഞ്ഞത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരം ആരംഭിക്കുകയാണെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
മമധര്‍മ്മയ്ക്ക് ഇതുവരെ 11742859 രൂപ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചതായും അതില്‍ ചെലവ് ഒഴിവാക്കി ബാക്കി 3076530 രൂപ മാത്രമാണ് കൈവശമുള്ളതെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിഷുകണിയായി രണ്ടര ലക്ഷം ലഭിച്ചെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു.
നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ചിത്രത്തില്‍ ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്.
1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.
കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്ലീം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദത്തിന്റെ പേരാണ് ലവ് ജിഹാദ്.
മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ തുടങ്ങി.
വിവാദങ്ങള്‍ വ്യാപകമായതോടെ കേരളത്തില്‍ ലവ് ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനായി അന്നത്തെ സംസ്ഥാന ഡി.ജി.പിയോടും ആഭ്യന്തരമന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് കേസ് സംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളത്തിലൊരിടത്തും ലൗ ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.