തെലങ്കാനയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ഹിന്ദു യുവാവിന്റെ അന്ത്യ കർമ്മങ്ങൾ നടത്തിയിരിക്കുകയാണ് രണ്ട് മുസ്ലിം സഹോദരങ്ങൾ. സംസ്ഥാനത്തെ പെഡ്ഡ കോഡപ്ഗൽ മണ്ഢലിലിലെ കടെപള്ളി ഗ്രാമത്തിലാണ് മനുഷ്യത്വപരമായ ഈ സംഭവം അരങ്ങേറിയത്.
കോവിഡ് രോഗം ബാധിച്ച് മരണമടയുന്ന ആളുകളെക്കൊണ്ട് ശ്മശാനങ്ങളും ശവസംസ്കാര കേന്ദ്രങ്ങളും നിറഞ്ഞു കവിയുന്ന സാഹചര്യത്തിലാണ് മത സൗഹാർദ്ദപരമായ പ്രവൃത്തിയുമായി രണ്ട് മുസ്ലിം യുവാക്കൾ മാതൃകയാവുന്നത്. പല അവസരങ്ങളിലും മരണപ്പെട്ട ആളുകളുടെ ബന്ധുക്കൾ പോലും അന്ത്യ കർമ്മങ്ങൾ നിർവ്വഹിക്കാ൯ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്.
മൊഘുളിയ എന്നയാളുടെ അന്ത്യ കർമ്മങ്ങളാണ് ഈ മുസ്ലിം ചെറുപ്പക്കാർ നടത്തിയത്. കുറച്ച് ദിവസം മുമ്പാണ് അദ്ദേഹം അസുഖ ബാധിതനായത്. പിന്നീട് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിക്കുകയായിരുന്നു. അസുഖം കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മൊഘുളിയയെ ഭാൻസുവാടയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. ഹോസ്പിറ്റലിൽ വെച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
എന്നാൽ, വൈറസ് ബാധയേൽക്കുമോ എന്ന ഭയം കാരണം മരണപ്പെട്ട മൊഘുളിയയുമായി സമ്പർക്കത്തിൽ ഏർപ്പെടാനോ അന്ത്യകർമ്മങ്ങൾ നടത്താനോ കുടുംബാംഗങ്ങൾ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ശാഫി, അലി എന്ന രണ്ട് മുസ്ലിം സഹോദരങ്ങൾ മൊഘുളിയയുടെ ശേഷക്രിയ നടത്താം എന്നേറ്റത്. ഒരു ആംബുല൯സ് സേവനം നടത്തുന്ന ഇരുവരും മരിച്ചയാളുടെ അടുത്ത ബന്ധുക്കളല്ലാതിരുന്നിട്ടു കൂടി മൃതദേഹം ആശുപത്രിയുടെ തന്നെ സംസ്കാരം കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയും ഹിന്ദു ആചാര പ്രകാരം കർമ്മങ്ങൾ നിർവ്വഹിക്കുകയുമായിരുന്നു. ഏറെ മതസൗഹാർദ്ദപരമായ ഈ യുവാക്കളുടെ പ്രവർത്തനത്തെ പ്രശംസിക്കുകയാണ് ആളുകൾ.
രാജ്യത്ത് കൊറോണ വൈറസ് കേസുകൾ കുതിച്ചുയരുന്നതിനിടെ ആരോഗ്യ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവം ആശങ്കയായി മാറുന്നതിനിടെ ഗുജറാത്തിലെ വഡോദരയിലെ ഒരു മുസ്ലീം പള്ളി 50 രോഗികളെ പാർപ്പിക്കാൻ സൗകര്യമുള്ള കോവിഡ് -19 കേന്ദ്രമാക്കി മാറ്റിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ജഹാംഗീർപുരയിലെ ഒരു പള്ളിയും 50 കിടക്കകളുള്ള കോവിഡ് കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ചികിത്സാ കേന്ദ്രങ്ങളുടെ അഭാവം മൂലം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കൂടുതൽ ആളുകൾക്ക് ചികിത്സ നൽകുന്നതിനായി ഇത്തരം സജ്ജീകരണങ്ങൾ സഹായിക്കുമെന്ന് അധികൃതർ പറയുന്നു.
റമദാൻ മാസത്തിലാണ് പള്ളിയെ കോവിഡ് കേന്ദ്രമാക്കി മാറ്റിയതെന്ന് പള്ളിയുടെ ട്രസ്റ്റിയിൽ ഒരാളായ ഇർഫാൻ ഷെയ്ഖ് പറഞ്ഞു. കൊറോണ വൈറസ് കേസുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഓക്സിജന്റെയും കിടക്കകളുടെയും ക്ഷാമത്തിന് കാരണമാകുന്നു. ഇതിന്റെ ഭാഗമായാണ് 50 കിടക്കകളുള്ള കോവിഡ് കേന്ദ്രമാക്കി പള്ളിയെ മാറ്റാൻ തീരുമാനിച്ചത്. ഇങ്ങനെയൊരു കാര്യം ചെയ്യാൻ റമദാൻ മാസത്തേക്കാൾ നല്ല സമയമില്ലെന്നും ഷെയ്ഖ് പറഞ്ഞു.