കാസര്‍കോട്: കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷു, പെരുന്നാള്‍ സീസണുകള്‍ മുന്നിലുണ്ട്. ഈ അവസരത്തില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കിയാല്‍ അത് ആള്‍ത്തിരക്കിന് കാരണമാകും. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരും സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുമ്പോഴാണ് തിരക്കുണ്ടാകുന്നത്. അതിനാല്‍, ആകാവുന്നത്രയും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കുകയാണ് ശാസ്ത്രീയമായ മാര്‍ഗം. ഇത് തിരിച്ചറിയാതെ സമയ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ അധികൃതര്‍ മുതിര്‍ന്നാല്‍ പ്രതിഷേധ മാര്‍ഗങ്ങളിലേക്ക് തിരിയാന്‍ വ്യാപാരി സമൂഹം നിര്‍ബന്ധിതരാകും.
കഴിഞ്ഞ ഒരു വര്‍ഷ കാലത്തിലേറേയായി എല്ലാ നിയന്ത്രണങ്ങളും പാലിച്ചും നഷ്ടങ്ങള്‍ സഹിച്ചും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപാരികള്‍ സഹകരിച്ചു വരികയാണ്. വ്യാപാര മേഖല നട്ടെല്ലൊടിഞ്ഞ് കിടക്കുകയാണ്. പല കച്ചവട സ്ഥാപനങ്ങളും പൂട്ടിപ്പോയി. എന്നാല്‍ മറ്റൊരു മേഖലയിലും ഇത് പോലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരികള്‍ തയ്യാറായില്ല. ഇതിന്റെ ഉദാഹരണമാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ കഴിഞ്ഞു പോയ തിരഞ്ഞെടുപ്പ്. എന്നാല്‍ ഇക്കാലത്തും സര്‍വ്വ നിബന്ധനകളും അനുസരിച്ചാണ് വ്യാപാരികള്‍ പ്രവര്‍ത്തിച്ചത്.
കാഞ്ഞങ്ങാട് വ്യപാര ഭവനില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ട് കെ. അഹമ്മദ്‌ഷെരീഫ് അധ്യക്ഷത വഹിച്ചു. കെ.വി. ലക്ഷമണന്‍, പി.പി. മുസ്തഫ, സി.എച്ച്. ഷംസുദ്ദീന്‍, ശങ്കരനാരായണ മയ്യ, എ.എ. അസീസ്, ഹംസ പാലക്കി, ശശിധരന്‍ ജി.എസ്., ശിഹാബ് ഉസ്മാന്‍, പി.മുരളീധരന്‍, എ.വി.ഹരിഹരസുതന്‍, എം.പി. സുബൈര്‍, ബഷീര്‍ കനില സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി. സ്വാഗതവും ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.