‘കോഴികൾ മുട്ടയിടുന്നത് നിർത്തി’; പരാതിയുമായി പോലീസിനെ സമീപിച്ച് കർഷകൻ

0
572

കോഴി മുട്ടയിടുന്നില്ല എന്ന് പോലീസിന് മുന്നിൽ ഒരു പരാതി വന്നതായി ഇതുവരെ കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു പരാതി ഉന്നയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിൽ കോഴി ഫാം നടത്തുന്ന ഒരു കർഷകൻ. തന്റെ ഫാമിലെകോഴികൾ മുട്ടയിടുന്നത് നിർത്തിയെന്ന് പറഞ്ഞാണ് മഹാരാഷ്ട്രയിലെപൂനെ ജില്ലയിൽ നിന്നുള്ള കർഷകൻ പൊലീസിന് വിചിത്രമായ ഈ പരാതി നൽകി. ഒരു പ്രത്യേക കമ്പനി നിർമിച്ച തീറ്റ നൽകിയതിനു ശേഷമാണ് കോഴികൾ മുട്ടയിടുന്നത് നിർത്തിയതെന്നാണ് കർഷകന്റെ പരാതിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സമാനമായ പരാതി ഉന്നയിച്ച മൂന്ന് നാല് കോഴി ഫാമുകൾക്ക് ഉൾപ്പെടെ പ്രസ്തുത നിർമാണ കമ്പനി നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചതിനെ തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല.

“പരാതിക്കാരൻ ഒരു പൗൾട്രി ഫാമിന്റെ ഉടമയാണ്. അദ്ദേഹവും സമീപ പ്രദേശങ്ങളിലെ മറ്റ് നാല് ഫാമുകളും ഈ പ്രശ്നം നേരിട്ടതിനെ തുടർന്ന് കർഷകൻ ഞങ്ങൾക്ക് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു”, ലോണി കൽഭോർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്റ്റർ രാജേന്ദ്ര മൊകാഷി പി ടി ഐ-യോട് പറഞ്ഞു.

സംസ്ഥാനത്തെ തൊട്ടടുത്ത ജില്ലയായ അഹമ്മദ് നഗറിലെ ഒരു കമ്പനിയിൽ നിന്നാണ് പരാതിക്കാരൻ കോഴികൾക്കുള്ള തീറ്റ വാങ്ങിയത്. അവിടുന്നുള്ള തീറ്റ കഴിച്ചതിന് ശേഷം കോഴികൾ മുട്ടയിടുന്നത് നിർത്തുകയായിരുന്നു എന്നായിരുന്നു പരാതി. ഇക്കാര്യത്തിൽ ഒരു വിദഗ്ദ്ധാഭിപ്രായം തേടാനായി അഹമ്മദ് നഗറിലെ ബ്ലോക്ക് തല അനിമൽ ഹസ്ബന്ററി ഓഫീസറെ പോലീസ് സമീപിച്ചിട്ടുണ്ട്. ചില പ്രത്യേക തരം ഭക്ഷണം കോഴികൾക്ക് അനുയോജ്യമാകാതിരിക്കുകയും തുടർന്ന് അവർ മുട്ടയിടുന്നത് നിർത്തുകയും ചെയ്യുന്നത് സാധാരണമായ കാര്യമാണെന്നാണ് ഇതേക്കുറിച്ച് ലഭിക്കുന്ന ഔദ്യോഗിക വിശദീകരണമെന്ന് പോലീസ് ഇൻസ്പെക്റ്റർ മൊകാഷി പറയുന്നു. പുതിയ തീറ്റ കൊടുത്തതിനെ തുടർന്ന് കോഴികൾ മുട്ടയിടുന്നത് നിർത്തിയത് ആദ്യത്തെ അനുഭവമല്ലെന്നും പിന്നീട് പഴയ തീറ്റ തന്നെ വീണ്ടും കൊടുത്തപ്പോൾ അവർ മുട്ടയിടാൻ തുടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്നും മൊകാഷി കൂട്ടിച്ചേർത്തു.
“സമാനമായ പരാതി മറ്റു ഫാമുകളിൽ നിന്ന് കൂടി ഉയർന്നതിന്റെ വെളിച്ചത്തിൽ അവർ തീറ്റ വാങ്ങിയ കമ്പനിയുമായി ഞങ്ങൾ സംസാരിച്ചിരുന്നു. തങ്ങൾ നിർമിച്ച തീറ്റ വിപണിയിൽ നിന്ന് പിൻവലിക്കുമെന്നും പരാതി ഉന്നയിച്ച കർഷകർക്ക് അവർക്കുണ്ടായ നഷ്ടത്തിന് തത്തുല്യമായ നഷ്ടപരിഹാരം നൽകാൻ സന്നദ്ധമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്”, രാജേന്ദ്ര മൊകാഷി പറഞ്ഞു. മുമ്പ് ഈ കർഷകർ പൂനെയിൽ നിന്നുള്ള മറ്റൊരു കമ്പനിയിൽ നിന്നാണ് തീറ്റ വാങ്ങിക്കൊണ്ടിരുന്നതെന്നും അവർ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് പുതിയ കമ്പനിയെ സമീപിച്ചതെന്നും അദ്ദേഹം പറയുന്നു. കോവിഡ് 19 കേസുകൾ വർദ്ധിച്ചതിന് ശേഷം മുട്ടയ്ക്കും കോഴികൾക്കും ആവശ്യക്കാർ ഏറിയിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here