ദില്ലി: കൊവിഡിനെ നേരിടാൻ കേന്ദ്ര സർക്കാരിന് മുന്നിൽ അഞ്ച് നിർദേശങ്ങൾ സമർപ്പിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് . കൊവിഡിനെ നേരിടാൻ വാക്സിൻ വിതരണം വർധിപ്പിക്കണമെന്നും അടുത്ത ആറ് മാസത്തേക്കുള്ള കൊവിഡ് വാക്സിന് ഓർഡറിനെ കുറിച്ച് കേന്ദ്രം വ്യക്തമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് എങ്ങനെ വാക്സിൻ വിതരണം നടത്തുമെന്ന് പറയണം എന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ചെറിയ ശതമാനം ആളുകൾ മാത്രമാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ഇത് വർധിപ്പിക്കണം. മുൻനിര പ്രവർത്തകരെ നിർണയിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണം. വാക്സിൻ നിർമാതാക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൽകണം. ഇളവുകളും ഒപ്പം ഫണ്ടും അനുവദിക്കാം. അവർക്ക് നിർമാണശാലകൾ വിപുലീകരിക്കാനും കൂടുതൽ ഉൽപ്പാദനം നടത്താനും ഇത് സഹായിക്കും.
അതേസമയം അമേരിക്കയേക്കാൾ വേഗത്തിൽ വാക്സിനേഷൻ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ 122 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ പൂർത്തിയാക്കിയത് 92 ദിവസത്തിനുള്ളിലാണ്. ഇത് അമേരിക്കയിൽ 97 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ചൈന ഇത് 108 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 2.6 ദശലക്ഷം ആളുകൾ വാക്സിൻ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കുന്നു.