കൊണ്ടോട്ടി- ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറിയതോടെ വിദേശത്തുനിന്ന് പ്രവാസികൾ കൂട്ടമായി നാട്ടിലെത്തി തുടങ്ങി. കരിപ്പൂർ, കണ്ണൂർ വിമാനതാവളങ്ങൾ വഴിയാണ് പ്രവാസികൾ നാട്ടിലെത്തുന്നത്. കണ്ണൂർ ജില്ലയിൽ ശക്തമായ മത്സരം നടക്കുന്ന അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂർ മണ്ഡലങ്ങളിലേക്കാണ് പ്രവാസികൾ കൂടുതൽ എത്തുന്നത്. ഒമാൻ, ദുബായ്, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂട്ടമായി എത്തുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, വടകര, നാദാപുരം മണ്ഡലങ്ങളിലെ പ്രവാസികളും കൂട്ടമായി നാട്ടിലെത്തുന്നു. മലപ്പുറം ജില്ലയിൽ കൂടുതൽ പേർ എത്തുന്നത് താനൂർ, തവനൂർ മണ്ഡലങ്ങളിലാണ്. മുസ്്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി നിരവധി പേരെ നാട്ടിലെത്തിക്കുന്നുണ്ട്. ഇന്നലെ ദുബായിൽനിന്ന് കെ.എം.സി.സി ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ 200 പ്രവാസികളെത്തി. ഒരു മാസത്തിനകം ആയിരത്തോളം പേർ ദുബായിൽനിന്ന് മാത്രമായി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ എത്തിയിട്ടുണ്ട്. ഇന്നും നാളെയും കൂടുതൽ പേർ നാട്ടിലെത്തും. ടിക്കറ്റിന് നാമമാത്ര തുക മാത്രം ഈടാക്കിയാണ് കെ.എം.സി.സി പ്രത്യേക വിമാനം ഏർപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കേരളത്തിലെ വിവിധ മണ്ഡലങ്ങളിലേക്ക് പ്രവാസികൾ കൂട്ടത്തോടെ എത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലേക്കും നിരവധി പ്രവാസികൾ എത്തിയിരുന്നു.