തായ്‌പേയ്: ഒരേ യുവതിയെ നാല് തവണ വിവാഹം കഴിക്കുകയും 37 ദിവസത്തിനുള്ളിൽ മൂന്ന് തവണ വിവാഹമോചനം നേടുകയും ചെയ്ത സംഭവം വൈറലാകുന്നു. തായ്‌വാനിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ബാങ്കിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്ന യുവാവ് തുടർച്ചയായി കുറേ ദിവസം അവധി ലഭിക്കാനാണ് ഒരേ യുവതിയെ നാലു തവണ വിവാഹം കഴിക്കുകയും മൂന്നു തവണ വിവാഹമോചനം നേടുകയും ചെയ്തത്.
വിവാഹ അവധി ആവശ്യപ്പെട്ടപ്പോൾ, ആദ്യ വിവാഹത്തിന് എട്ടു ദിവസത്തെ അവധിയാണ് ബാങ്ക് അധികൃതർ അനുവദിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ ആറിനാണ് യുവാവ് ആദ്യമായി വിവാഹിതനായത്. വിവാഹ അവധി കഴിയുന്ന ദിവസം ഭാര്യയിൽനിന്ന് വിവാഹമോചനം തേടുകയും പിറ്റേന്ന് വീണ്ടും വിവാഹിതനാകുകയും ചെയ്തു. അതിനു ശേഷം ശമ്പളത്തോടുകൂടിയ അവധി ആവശ്യപ്പെട്ടു അപേക്ഷ നൽകി. നാല് തവണ വിവാഹം കഴിച്ച് മൂന്ന് തവണ വിവാഹമോചനം നേടുന്നതുവരെ അയാൾ ഇത് തുടർന്നു. ഈ രീതിയിൽ ആകെ 32 ദിവസത്തേക്ക് നാല് വിവാഹങ്ങൾ കഴിച്ചു ശമ്പളത്തോടു കൂടിയുള്ള അവധി നേടിയെടുക്കാൻ യുവാവിന് കഴിഞ്ഞു.
നിയമമനുസരിച്ച്, വിവാഹിതരാകുമ്പോൾ ജീവനക്കാർക്ക് എട്ടു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ഇയാൾ നാലു തവണ വിവാഹം കഴിച്ചതിനാൽ 32 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിച്ചിരിക്കണമെന്നാണ് ചട്ടം. ഇക്കാര്യമാണ് കോടതിയിൽ വാദിച്ചത്. തായ്‌പേയ് സിറ്റി ലേബർ ബ്യൂറോ ഇക്കാര്യം അന്വേഷിക്കുകയും തൊഴിലുടമ തൊഴിൽ നിയമം ലംഘിച്ചുവെന്ന് വിധിക്കുകയും ചെയ്തു. 2020 ഒക്ടോബറിൽ ബാങ്കിന് NT $ 20,000 (52,800 രൂപ) പിഴ ചുമത്തി.
തൊഴിലാളി അവധി ദുരുപയോഗം ചെയ്യുന്നത് ലേബർ ലീവ് നിയമപ്രകാരം അവധിക്ക് ന്യായമായ കാരണമല്ലെന്ന് ബാങ്ക് അപ്പീലിൽ വ്യക്തമാക്കിയതായി ന്യൂ ടോക്ക് തായ്‌വാൻ റിപ്പോർട്ട് ചെയ്തു. യുവാവിന്‍റെ പെരുമാറ്റം അനീതിയാണെങ്കിലും അദ്ദേഹം നിയമം ലംഘിച്ചിട്ടില്ലെന്ന് ഏപ്രിൽ 10 ന് ബെയ്‌ഷി ലേബർ ബ്യൂറോ മുൻ വിധി അംഗീകരിച്ചു. എന്നിരുന്നാലും, ലേബർ ലീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 2 ബാങ്ക് ലംഘിച്ചിരുന്നു. തായ്‌വാൻ തൊഴിൽ നിയമനിർമ്മാണത്തിൽ അത്തരമൊരു പഴുതുകളുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ വിചിത്രമായ ഈ കേസ് സോഷ്യൽ മീഡിയയിൽ വൈറലായി.