ഐപിഎല്ലില്‍ ആശങ്ക പടരുന്നു; ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്, ആര്‍സിബിക്ക് തിരിച്ചടി

0
386

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്. താരത്തെ ഐസൊലേഷനിലാക്കിയിരിക്കുകയാണ് എന്നും ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഏപ്രില്‍ ഒന്‍പതിന് മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ താരത്തിന് കളിക്കാനാവില്ല.

ഈ സീസണില്‍ ആര്‍സിബിയുടെ വലിയ പ്രതീക്ഷകളിലൊന്നാണ് ഇരുപതുകാരനായ ദേവ്‌ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറി 15 മത്സരങ്ങളില്‍ നിന്ന് 31.53 ശരാശരിയില്‍ 473 റണ്‍സ് നേടിയിരുന്നു. ഇതില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നത് ഐപിഎല്ലിന് വലിയ ആശങ്കയാണ് നല്‍കുന്നത്. കൊല്‍ക്കത്ത ഓള്‍റൗണ്ടര്‍ നിതീഷ് റാണയ്‌ക്കാണ് പതിനാലാം സീസണിന് മുമ്പ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് താരം നെഗറ്റീവായത് ടീമിന് ആശ്വാസമായി. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. അക്‌സറിപ്പോള്‍ ഐസൊലേഷനിലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമുള്ള കണ്ടന്‍റെ ടീം അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ എതാനും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും കൊവിഡ് ബാധിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം നിഷേധിച്ചു.

കൊവിഡ് പോസിറ്റീവാകുന്ന താരങ്ങള്‍ക്ക് ബയോബബിളിന് പുറത്ത് പ്രത്യേക ഐസൊലേഷന്‍ സൗകര്യമൊരുക്കണം എന്നാണ് ബിസിസിഐ ചട്ടം. ലക്ഷണങ്ങള്‍ തുടങ്ങിയ ആദ്യദിനം മുതലോ, സാംപിള്‍ എടുത്ത ദിനം തൊട്ടോ കുറഞ്ഞത് 10 ദിവസത്തേക്ക് ഐസൊലേഷന്‍ നിര്‍ബന്ധമാണ്. ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കുന്ന താരങ്ങള്‍ ഇക്കാലയളവില്‍ പൂര്‍ണ വിശ്രമത്തിലായിരിക്കും. ആരോഗ്യസ്ഥിതി മോശമായാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണം എന്നുമാണ് ബിസിസിഐ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here