തിരുവനന്തപുരം: കൂട്ടലും കിഴിക്കലും കഴിഞ്ഞ് ഒടുവിൽ കിട്ടിയ ഉത്തരം ശരിയാണോ എന്നറിയാൻ പെട്ടിപൊട്ടിക്കുന്നതും കാത്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മുന്നണികൾ. ആശയ്ക്കും ആശങ്കയ്ക്കുമിടയിൽ ആടുന്ന പെൻഡുലം പോലെ വിജയ പരാജയങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം പ്രവചനാതീതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. വിജയിയാരെന്ന് പ്രവചിക്കാനോ, അമിത പ്രതീക്ഷ പുലർത്താനോ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വങ്ങളും അണികളും.
ജില്ലയിലെ 14 മണ്ഡലങ്ങളിൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കടുത്ത മത്സരമാണ് നടന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പ്രചാരണത്തിൽ മുന്നേറിയ ഇടതുമുന്നണിക്ക് വെല്ലുവിളിയായത് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടികയാണ്. സ്ഥിരം മുഖങ്ങളെ മാറ്റി യുവാക്കളെയും പുതുമുഖങ്ങളെയും യു.ഡി.എഫ് രംഗത്തിറക്കിയതോടെ മിക്ക മണ്ഡലങ്ങളിലും മത്സരം കടുത്തു. എൻ.ഡി.എ യുടെ ഏക സീറ്റായ നേമത്ത് മൂന്ന് പ്രബലന്മാർ രംഗത്തിറങ്ങിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടമായി. കഴക്കൂട്ടത്തും ത്രികോണ മത്സരം നടന്നു. ആറ്റിങ്ങൽ, ചിറയിൻകീഴ് , നെയ്യാറ്റിൻകര, കഴക്കൂട്ടം എന്നീ മണ്ഡലങ്ങൾ എൽ.ഡി.എഫിനും, കോവളം, അരുവിക്കര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങൾ യു.ഡി.എഫിനും ഒപ്പമായിരിക്കുമെന്നാണ് ഇരുമുന്നണികളും ഉറച്ചു വിശ്വസിക്കുന്നത്. ശേഷിക്കുന്ന മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് മൂന്ന് മുന്നണികളും കരുതുന്നു.
ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലം ആർക്ക് അനുകൂലമാകും എന്നതനുസരിച്ചാണ് സംസ്ഥാനം ആര് ഭരിക്കുമെന്ന് മുൻകാലങ്ങളിൽ തീരുമാനിച്ചിരുന്നത്. ഇക്കുറി ഈ രീതി മാറുമോ എന്നാണ് ഇനി അറിയാനുള്ളത്.