പൂഞ്ഞാര്‍: ലവ് ജിഹാദ് ആരോപണം ആവര്‍ത്തിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി. സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47ഓളം സുന്ദരികളായ പെണ്‍കുട്ടികള്‍ ജിഹാദിന് ഇരയായെന്നാണ് പി. സി ജോര്‍ജ് പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മതം മാറിയവരില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളും ബാക്കിയുള്ള 35 പേര്‍ കൃസ്ത്യന്‍ പെണ്‍കുട്ടികളുമാണെന്നുമാണ് ജോര്‍ജ് പറഞ്ഞത്. ഈരാറ്റുപേട്ടയിലെ മാത്രം കണക്ക് നോക്കിയപ്പോള്‍ മനസിലായതാണ് ഇതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
‘ഈരാറ്റുപേട്ടയില്‍ പോലും എത്രയോ മാന്യമായ മുസ്‌ലിം സഹോദരങ്ങളുണ്ട്. പക്ഷെ ഇവിടെ ഒരു 15-20 ശതമാനം പേര്‍ എന്ത് വൃത്തികേടിനും കൂട്ടുനിക്കും. ഞാന്‍ വെറുതേ പറയുന്നതല്ല. ഈരാറ്റുപേട്ടയില്‍ നിന്ന് മാത്രം കണക്ക് നോക്കിയപ്പോള്‍ 47 ഓളം പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളും ബാക്കി കൃസ്ത്യന്‍ പെണ്‍കുട്ടികളും. അതായത് നായര്‍, ഈഴവ പെണ്‍കുട്ടികളും കൃസ്ത്യന്‍ പെണ്‍കുട്ടികളും. അതും ഏറ്റവും സൗന്ദര്യമുള്ള പെണ്‍കുട്ടികള്‍. ഇവരെ എങ്ങനെ ചാക്കിടുന്നു എന്നുള്ളതൊക്കെ അന്വേഷിക്കേണ്ട കാര്യമാണ്. പേയാല്‍ പിന്നെ കിട്ടില്ല. എവിടെയാണെന്ന് പോലും അറിയില്ല,’ പി. സി ജോര്‍ജ് പറഞ്ഞു.
ഒന്നരമാസം മുമ്പ് തിക്കോയില്‍ നിന്ന് പോയി ഒരു പെണ്‍കുട്ടി കൊന്തയിട്ടുകൊണ്ടാണ് ബൈക്കില്‍ കയറി പോയതെന്നും ഇതു തുറന്ന് പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടുകാര്യമില്ലെന്നും പി. സി ജോര്‍ജ് പറഞ്ഞു.
പെണ്‍കുട്ടികളെ എങ്ങനെ മുസ്‌ലിം ആക്കുന്നു, പിന്നീട് എവിടെ കൊണ്ടു പോകുന്നു എന്നതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും പി.സി ജോര്‍ജ് പറയുന്നു.
ലവ് ജിഹാദിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെയല്ല, സമുദായത്തിലെ തീവ്രവാദികളെയാണ് കുറ്റപ്പെടുത്തുന്നതെന്നാണ് പി. സി ജോര്‍ജിന്റെ വാദം.
സുപ്രീം കോടതിയ്ക്ക് ലവ് ജിഹാദ് എന്നൊരു വാക്കുണ്ടാകില്ല, എന്നാല്‍ തനിക്ക് ഇതില്‍ നല്ല ബോധ്യമുണ്ടെന്നുമാണ് പി. സി ജോര്‍ജ് ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാന ആരോപണവുമായി പി. സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നായിരുന്നു പി. സി ജോര്‍ജിന്റെ പരാമര്‍ശം. ഇത് താന്‍ അബദ്ധവശാല്‍ പറഞ്ഞതല്ലെന്നും കഴിഞ്ഞ ദിവസം പി. സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന പി. സി ജോര്‍ജിന്റെ പ്രസ്താവന വിവാദമായിരുന്നു. ലവ് ജിഹാദ് അടക്കമുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ഏക വഴിയെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. തൊടുപുഴയില്‍ എച്ച്.ആര്‍.ഡി.എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോര്‍ജന്റെ വിവാദ പ്രസംഗം.