വാഷിങ്ടണ്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിള്‍. ഓക്സിജനും പരിശോധന കിറ്റുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ അടിയന്തര സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യയിലെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നെന്നും 135 കോടി രൂപ ഇന്ത്യയ്ക്ക് അടിയന്തരസഹായം നല്‍കുമെന്നുമായിരുന്നു സുന്ദര്‍ പിച്ചെ ട്വിറ്ററിലൂടെ അറിയിച്ചത്.
സംഭാവനയില്‍ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉള്‍പ്പെടുന്നുണ്ട്. ഗൂഗിള്‍ ജീവനക്കാര്‍ ക്യാമ്പയിനിലൂടെ നല്‍കിയ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 3.7 കോടി രൂപയാണ് 900 ഗൂഗിള്‍ ജീവനക്കാര്‍ സംഭാവന ചെയ്തത്.
‘പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ക്കായി പണം സഹായം നല്‍കുക എന്നതാണ് ആദ്യത്തെ ഉദ്യമം. യുണിസെഫ് വഴി ഓക്സിജനും പരിശോധന ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യം,’ ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപ്ത പറഞ്ഞു.
മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും കൊവിഡില്‍ വലയുന്ന ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണ്. ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ടുവന്ന അമേരിക്കയോട് നന്ദിയുണ്ടെന്നും നാദെല്ല കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നും മൈക്രോ സോഫ്റ്റ് തങ്ങളുടെ സാങ്കേതികവിദ്യയും വിഭവങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കും. ക്രിട്ടിക്കല്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കുമെന്നും നദെല്ല പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇന്ത്യയ്ക്ക് സഹായവുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. യു.എസ്, സൗദി അറേബ്യ, യു.എ.ഇ, യു.കെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം മെഡിക്കല്‍ ഉപകരണങ്ങളടക്കമുള്ള അടിയന്തര സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആദ്യമായി രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,95,123 ആയി. അതേസമയം 2,19,272 പേര്‍ കൊവിഡ് മുക്തരായി.