ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. നേരത്തേ ഇത് സംബന്ധമായ വാര്‍ത്ത ഗള്‍ഫ് മലയാളി പുറത്തുവിട്ടിരുന്നു. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഖത്തറിലേക്ക് വരുന്ന ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാര്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.
1. യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് (നേരത്തേ ഇത് 72 മണിക്കൂര്‍ ആയിരുന്നു)
2. വാക്‌സിനെടുത്തവര്‍ ഉള്‍പ്പെടെ ഖത്തറിലെത്തിയാല്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍
വാക്‌സിന്‍ എടുത്തവര്‍ക്ക് ലഭിക്കുന്ന ക്വാറന്റീന്‍ ഇളവുകള്‍ മുകളില്‍ പറഞ്ഞ രാജ്യക്കാര്‍ക്ക് ലഭിക്കില്ല. നിലവില്‍ ഡിസ്‌കവര്‍ ഖത്തര്‍ ക്വാറന്റീന്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ നേരത്തേ യുകെയില്‍ നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ പോലെ പ്രത്യേക ലിങ്ക് ഉണ്ടാവുമെന്നാണ് അറിയുന്നത്. അതോടൊപ്പം ഈ രാജ്യക്കാര്‍ക്ക് ക്വാറന്റീനായി പ്രത്യേക ഹോട്ടലുകളും ഏര്‍പ്പെടുത്തിയേക്കും.