സൈക്കിള്‍ മോഷ്ടിച്ച കുട്ടിക്ക് പുതിയ സൈക്കിള്‍ വാങ്ങാനൊരുങ്ങി പൊലീസ്, ഫ്രീയായി നല്‍കി കടയുടമ

0
840

ഷോളയൂര്‍: അയലത്തെ വീട്ടിലെ കുട്ടിയുടെ സൈക്കിള്‍ എടുത്തു കൊണ്ടുപോയ മൂന്നാംക്ലാസുകാരന് പൊലീസ് സൈക്കിള്‍ വാങ്ങി നല്‍കിയ സംഭവം ചര്‍ച്ചയാവുന്നു. ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

മൂന്നാംക്ലാസുകാരന്‍ സൈക്കിള്‍ എടുത്തുകൊണ്ടുപോയതിന് പിന്നാലെ ഷോളയൂര്‍ പൊലീസ് സ്റ്റേഷനില്‍ ബാലനെതിരെ മോഷണക്കുറ്റത്തിന് പരാതി ലഭിക്കുകയായിരുന്നു. എന്നാല്‍ സൈക്കിള്‍ ഓടിക്കാനുള്ള കുട്ടിയുടെ ആഗ്രഹമാണ് മോഷണത്തിലേക്കെത്തിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് രമ്യമായി പരാതി പരിഹരിച്ച് പരാതിക്കാര്‍ക്ക് സൈക്കിള്‍ തിരികെ നല്‍കുകയായിരുന്നു.

അവിടെയും തീര്‍ന്നില്ല, ഷോളയൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കൃഷ്ണ കുട്ടിയ്ക്ക് ഒരു സൈക്കിള്‍ വാങ്ങി നല്‍കാനും തീരുമാനിച്ചു. ഗൂളിക്കടവിലെ ലത്തീഫ് എന്നയാളുടെ സൈക്കിള്‍ കടയില്‍ എത്തി സൈക്കിള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ സംഭവമറിഞ്ഞ ലത്തീഫ് സൈക്കിള്‍ ഫ്രീയായി നല്‍കുകയായിരുന്നു.

സൈക്കിള്‍ കടയുടമ ലത്തീഫാണ് സംഭവം വിവരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പൊലീസിന്റെയും കടയുടമയുടെയും നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുകളുമായെത്തിയത്.

പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയത്ത് വന്നേരി ഹൈസ്‌കൂളിന് മുന്നിലെ കടയില്‍ നിന്ന് സൈക്കിള്‍ വാടകക്കെടുത്ത് ഓടിച്ച തന്റെ അനുഭവവും ലത്തീഫ് പോസ്റ്റില്‍ പങ്കുവെച്ചു. ചെറുപ്പത്തില്‍ സൈക്കിളില്ലാത്ത കഥ ഓഫീസര്‍ വിനോദ് കൃഷ്ണയും തന്നോട് പറഞ്ഞുവെന്ന് ലത്തീഫിന്റെ പോസ്റ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here