വ്യവസായി എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി. യന്ത്രതകരാറിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. ഹെലികോപ്റ്റര്‍ സേഫ് ലാന്‍റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. യൂസഫലിയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
എറണാകുളത്താണ് സംഭവം. കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. സ്കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും.
രാവിലെ 8.30നായിരുന്നു സംഭവം. എം.എ യുസഫലിയും മറ്റ് നാല് പേരും ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.