റിയാസ് മൗലവി വധക്കേസില്‍ പ്രതിഭാഗം സാക്ഷിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി; അന്തിമവാദം 29ന്

0
661

കാസര്‍കോട്: പഴയചൂരി മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്തുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം സാക്ഷിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. മധൂരില്‍ താമസിക്കുന്ന ക്ഷേത്രഭാരവാഹിയെയാണ് കഴിഞ്ഞ ദിവസം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. മുമ്പ് കേസിന്റെ വിചാരണവേളയില്‍ നിരവധി തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ക്ഷേത്രഭാരവാഹിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് സാക്ഷിയെ കണ്ടെത്തി കോടതിയിലെത്തിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ വിസ്തരിച്ചു.

വാദിഭാഗത്തെ മുഴുവന്‍ സാക്ഷികളെയും പ്രതിഭാഗത്തെ മറ്റ് സാക്ഷികളെയും വിസ്തരിച്ചിട്ടും ഒരു പ്രതിഭാഗം സാക്ഷിയെ വിസ്തരിക്കുന്നതിന് നേരിട്ട കാലതാമസം കേസിന്റെ തുടര്‍ നടപടികളെ പ്രതികൂലമായി ബാധിച്ചിരുന്നു. പ്രതിഭാഗം സാക്ഷിയുടെ വിസ്താരം പൂര്‍ത്തിയായതോടെ ഇനി പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകന്റെയും അന്തിമവാദം മാത്രമാണുള്ളത്.

ഏപ്രില്‍ 29ന് അന്തിമവാദം നടക്കും. ഈ വാദം പൂര്‍ത്തിയായ ശേഷം കേസില്‍ വിധി പറയുന്ന തീയ്യതി തീരുമാനിക്കും. വര്‍ഷങ്ങളോളം നീണ്ട നിയമയുദ്ധത്തിനും വിചാരണക്കുമൊടുവിലാണ് ഈ കേസിലെ കോടതി നടപടികള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.

റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്നിവര്‍ ഇപ്പോഴും ജയിലിലാണുള്ളത്. 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. അന്നത്തെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 600 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. സംഭവം നടന്ന് 88-ാം ദിവസമാണ് കുറ്റപത്രം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here