മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ട്: ഹൈക്കോടതി

0
270

കൊച്ചി: മുസ്‌ലിം സ്ത്രീകൾക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി. മുസ്‌ലിം വ്യക്തി നിയമപ്രകാരംതന്നെ ഇതിനുള്ള അവകാശം മുസ്‌ലിം സ്ത്രീക്ക് ഉണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. മുസ്‌ലിം സ്ത്രീകൾക്ക് നിയമ പ്രകാരം മാത്രമേ വിവാഹ മോചനം സാധ്യമാകൂ എന്ന് കെ.സി. മോയിൻ – നഫീസ കേസിൽ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിന് കോടതി അംഗീകാരം നൽകിയിരിക്കുന്നത്.

മുത്തലാഖ്‌ പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങളടക്കം പുരുഷൻമാർ വിവാഹ മോചനത്തിനായി ഉപയോഗിച്ചപ്പോൾ ഇത്തരം സംവിധാനങ്ങളൊന്നും സ്ത്രീകൾക്ക് അനുവദിച്ചിരുന്നില്ല. ഇതിനാൽ ഭരണഘടന നൽകുന്ന അവകാശങ്ങൾ നിലനിൽക്കെ തന്നെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരിതങ്ങൾ മുസ്‌ലിം സ്ത്രീകൾ നേരിടുന്നുണ്ട്. 49 വർഷമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്.

ഇതുകാരണം വിവാഹ മോചനത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ചൂണ്ടിക്കാണിച്ച് ഫയൽ ചെയ്ത ഒരുകൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.

സമുദായത്തിലെ പുരുഷ കേന്ദ്രീകൃത സമൂഹം മുസ്‌ലിം സ്ത്രീകളെ ജുഡീഷ്യൽ വിവാഹ മോചനത്തിൽ തളച്ചിട്ടിരിക്കുകയായിരുന്നുവെന്ന് കോടതി വിലയിരുത്തി.

കോടതിക്കു പുറത്ത് മുസ്‌ലിം സ്ത്രീക്ക് വിവാഹ മോചനം അനുവദിക്കുന്ന ഒട്ടേറെ മാർഗങ്ങൾ നിലവിലുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വം നിറവേറ്റാത്ത ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ ത്വലാഖ് – എ തഫ്വിസ് മുസ്‌ലിം സ്ത്രീക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹ മോചനത്തിന് അവകാശം നൽകുന്നതാണ് ഖുല നിയമം. പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടാൻ മുബാറാത്ത് രീതിയിലൂടെ അവകാശമുണ്ട്. ഖ്വാസിമാരെ പോലുള്ള മൂന്നാം കക്ഷിയുടെ സാന്നിധ്യത്തിൽ വിവാഹ മോചനത്തിന് അനുമതി നൽകുന്നതാണ് ഫസ്ഖ്. 1937-ലെ ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്‌ലിം സ്ത്രീകൾക്ക് വിവാഹ മോചനത്തിനായി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെ.സി. മോയിൻ-നഫീസ കേസിലെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി കോടതി ഇത് റദ്ദാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here