കല്യാൺ: മാസ്ക് ധരിക്കാത്തതിന് പിഴയിട്ട പൊലീസിനെ വളർത്തുനായയെ വിട്ട് കടിപ്പിച്ച് പെറ്റ് ഷോപ്പ് ഉടമയും തൊഴിലാളികളും. മഹാരാഷ്ട്രയിലെ കല്യാൺ ജില്ലയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട് ചെയ്തിരിക്കുന്നത്. കർഫ്യൂ സമയം തുടങ്ങിയിട്ടും ഷോപ്പ് അടക്കാത്തത് ശ്രദ്ധയിൽപെട്ടത്തിനെ തുടർന്നാണ് നാല് പൊലീസുകാരും നാല് മുനിസിപ്പിൽ ഉദ്യോഗസ്ഥരടങ്ങുന്ന സ്ക്വാഡ് കടയിൽ പരിശോധനക്ക് കയറിയത്. കടയുടമ സത്യനാരായണഗുപ്തയും ആനന്ദ്, ആദിത്യ എന്നീ രണ്ട് ജീവനക്കാരുമുൾപ്പടെ മൂന്ന് പേരുണ്ടെങ്കിലും ആരും മാസ്ക് ധരിച്ചിരുന്നില്ല.
ഉദ്യോഗസ്ഥർ ഗുപ്തയെ ശകാരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വളർത്തുനായ്ക്കളെ കൊണ്ട് പൊലീസുദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത്. അതിലൊരു നായ പൊലീസ് ഉദ്യോഗസ്ഥനെ കടിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് കടയുടമയെയും സഹായികളിലൊരാളായ ആനന്ദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദിത്യ ഒളിവിലാണ്.
കഴിഞ്ഞ ദിവസം 66,358 പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 895 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരുന്നതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.