മഞ്ചേശ്വരം : കുഞ്ചത്തൂർ മാട അരസുമഞ്ചിഷ്ണാർ ക്ഷേത്രാത്സവത്തിന്റെ വരവറിയിച്ച് വെളിച്ചപ്പാടുമാരും ക്ഷേത്രം ഭാരവാഹികളും ഉദ്യാവര ആയിരം ജമാഅത്ത് പള്ളിയങ്കണത്തിലെത്തി. വർഷങ്ങളായി തുടരുന്ന ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായാണ് ഇവർ പള്ളിയിലെത്തിയത്. എല്ലാവർഷവും വിഷു കഴിഞ്ഞ് വരുന്ന ആദ്യ വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്ഷേത്രം വെളിച്ചപ്പാടുമാരും വിശ്വാസികളും കാൽനടയായി ക്ഷേത്രത്തിന് സമീപത്തെ സിംഹാസനത്തറയിൽനിന്ന് യാത്ര പുറപ്പെട്ട് പള്ളിയിലെത്തുന്നത്.
ജുമാ നിസ്കാരം കഴിഞ്ഞ് ഇസ്‌ലാം മതവിശ്വാസികൾ പള്ളിമുറ്റത്ത് ക്ഷേത്രം ഭാരവാഹികളെ സ്വീകരിച്ചു. തുടർന്ന് ചുവന്ന ഉടയാടകളും മുല്ലമാലകളും അണിഞ്ഞ് പള്ളിവാളുമേന്തിയെത്തിയ വെളിച്ചപ്പാടുമാർ കീർത്തനങ്ങൾ ചൊല്ലി ആഗമനോദ്ദേശ്യം വിവരിച്ചു.
ഇരുവിഭാഗങ്ങളിലുമുള്ള നൂറുകണക്കിന് വിശ്വാസികൾ പ്രാർഥനാനിർഭരമായ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഒരാഴ്ചയ്ക്കുശേഷം നടക്കുന്ന ക്ഷേത്രോത്സവത്തിലേക്ക് പള്ളിക്കമ്മിറ്റി ഭാരവാഹികളെയും വിശ്വാസികളെയും ക്ഷണിക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രം ഭാരവാഹികളും വെളിച്ചപ്പാടുമാരും എത്തിയത്. ക്ഷണം സ്വീകരിച്ച് ജമാഅത്ത് ഭാരവാഹികൾ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കും. ഇളനീരും പഴങ്ങളും നൽകി ഇവരെ സ്വീകരിക്കും. പള്ളി ഉറൂസിന് ക്ഷേത്രഭാരവാഹികളും എത്താറുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി അരി, നെയ്യ്, പഴം, എണ്ണ എന്നിവ പരസ്പരം കൈമാറാറുണ്ട്.
ഇരു ദേവാലയങ്ങളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന മതസൗഹാർദ ബന്ധത്തിന്റെ മാതൃകകൂടിയാണ് ഈ കൂടിച്ചേരൽ.