മംഗളൂരു/ കാസർകോട്: മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒമ്പത് പേർക്കായി നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തുടർച്ചയായ നാലാം ദിവസവും തെരച്ചിൽ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിട്ടില്ല. പൂർണമായും മുങ്ങിപ്പോയ ബോട്ടിൻ്റെ താഴത്തെ ക്യാബിനിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് സംശയമുണ്ടായിരുന്നെങ്കിലും മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇല്ലെന്ന് വ്യക്തമായി.
കാണാതായ ഒമ്പത് പേരും തമിഴ്നാട്, ബംഗാൾ സ്വദേശികളാണ്. അതേസമയം ബോട്ടപകടത്തിൻ്റെ കാരണം കണ്ടെത്താൻ ബോട്ടുമായിടിച്ച വിദേശ ചരക്കുകപ്പലിൽ തുറമുഖ ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലെ എം എംഡി അധികൃതർ പരിശോധന നടത്തും. കോസ്റ്റ് ഗാർഡ് നിർദ്ദേശ പ്രകാരം സിംഗപ്പൂർ രജിസ്ട്രേഷനിലുള്ള എപിഎൽ ലിഹാ വ്റെ കപ്പൽ മംഗളൂരു തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. 14 പേരുണ്ടായിരുന്ന ബോട്ടിലെ രണ്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. സ്രാങ്കടക്കം മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടത്തിയിരുന്നു.