തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച് പി.ഡി.പി കേന്ദ്ര കമ്മിറ്റി. ഫാസിസത്തിനും സംഘപരിവാര്‍ വിദ്വേഷ വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി വി. എം അലിയാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കോണ്‍ഗ്രസിന്റെ ഇടപെടലുകളെ പി.ഡി.പി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ദളിത് പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തുകയും വര്‍ഗീയ ധ്രുവീകരണത്തിനും വംശീയ ഉന്മൂലനത്തിനും ശ്രമിക്കുമ്പോഴും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നാണ് പി.ഡി.പി വിമര്‍ശിച്ചത്.
ഫാസിസത്തിനെതിരെയെന്ന് പറഞ്ഞ് പാര്‍ലമെന്റിലേക്ക് യുദ്ധത്തിന് പോയ നേതാക്കള്‍ ദല്‍ഹിയിലെ യുദ്ധം മതിയാക്കി തിരിച്ചെത്തിയെന്നും പി.ഡി.പി പരിഹസിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എം എല്‍എമാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്നും നിലവിലെ സ്ഥിതിയില്‍ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷമാണെന്നുമാണ് പി.ഡി.പി പറയുന്നത്.
പരസ്യ പ്രചാരണങ്ങള്‍ ഒഴിവാക്കി സംസ്ഥാനത്തൊട്ടാകെ ബൂത്തുതലം മുതല്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് മുന്‍കൂട്ടി നിര്‍ദേശം നല്‍കുകയും ഇടതു സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍കര്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും പി.ഡി.പി കേന്ദ്ര കമ്മിറ്റി അറിയിച്ചു.