പൗരന്മാര്‍ ദുരിതം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് തടയരുത്; സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

0
246

ന്യൂഡല്‍ഹി: രാജ്യത്തുടനീളം കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന് മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി.

പൗരന്മാര്‍ അവരുടെ ദുരിതം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ല. അതിന്റെ പേരില്‍ ഏതെങ്കിലും പൗരനെ സംസ്ഥാന സര്‍ക്കാരുകളും പോലീസും ഉപദ്രവിക്കാന്‍ നിന്നാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ സന്ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഡിജിപിമാര്‍ക്കും പോകട്ടെയെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരം പങ്കുവെച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമം ആളുകളുടെ മേല്‍ ചുമത്തണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. സംസ്ഥാനത്ത് യാതൊരു ഓക്‌സിജന്‍ പ്രതിസന്ധിയും ഇല്ല. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

‘ഒരു പൗരന്‍ എന്ന നിലയിലും ഒരു ന്യായാധിപന്‍ എന്ന നിലയിലും എന്നെ സംബന്ധച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നു. പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയാണെങ്കില്‍ ആ ആശയവിനിമയത്തെ തടസ്സപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവരുടെ ശബ്ദം നമുക്ക് കേള്‍ക്കാം. ബെഡ് വേണമെന്നോ ഓക്‌സിജന്‍ വേണമെന്നോ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഒരു പൗരനെ ഉപദ്രവിച്ചാല്‍ ഞങ്ങളത് കോടതിയലക്ഷ്യമായി കാണും. നമ്മള്‍ വലിയൊരു പ്രതിസന്ധിയിലാണ്’. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

ഓക്‌സിജന്‍, മരുന്ന് വിതരണം, വാക്‌സിന്‍ എന്നിവയുമായി ബന്ധപ്പെട്ട് സ്വമേധായാലുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain

LEAVE A REPLY

Please enter your comment!
Please enter your name here