റിയാദ്: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിദേശികള്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് നേപ്പാള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചതോടെ നിരവധിപ്പേരുടെ യാത്ര മുടങ്ങി. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ഇപ്പോള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദേശികളുടെ കൊവിഡ് പരിശോധന നിര്‍ത്തിവെയ്‍ക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേപ്പാളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേപ്പാള്‍ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബാംഗങ്ങള്‍, നേപ്പാളില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ എന്നിവര്‍ക്ക് മാത്രമായി ആര്‍.ടി. പി.സിആര്‍ പരിശോധനകള്‍ പരിമിതപ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രവാസികളില്‍ പലരും നേപ്പാള്‍ വഴിയുള്ള യാത്ര തെരഞ്ഞെടുത്തത്. 14 ദിവസം നേപ്പാളില്‍ താമസിച്ച ശേഷം അവിടെ നിന്ന് കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമായിരുന്നു. സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരാണ് ഇപ്പോള്‍ നേപ്പാളിലുള്ളവരില്‍ ഏറെയും. കൊവിഡ് പരിശോധനാ ഫലമില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനാവാത്തതിനാല്‍ ഇവരുടെ യാത്ര പ്രതിസന്ധിയിലായിരിക്കുയാണിപ്പോള്‍.