ചെന്നൈ> പ്രശസ്ത തമിഴ് നടൻ വിവേക് (59)അന്തരിച്ചു. പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധനമനിയിലെ ബ്ലോക്ക് ഒഴിവാക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ഗുരുതരാവസ്ഥയിലായ നടൻ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ൽ പത്മശ്രീയും നേടി.
പ്രമുഖതാരചിത്രങ്ങളില്‍ സഹതാരമായി തിളങ്ങിയിട്ടുള്ള താരം നായകവേഷത്തിലും എത്തിയിട്ടുണ്ട്. പിന്നണി ഗായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം.ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍. തമിഴ്‌നാട്ടിലെ വനവത് കരണപദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു.
തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തേക്കെത്തിയത്. സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാ ജീവിതം ആരംഭിച്ചത്.