കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് പത്തുവയസ്സുകാരനെതിരെ ബി.ജെ.പ്രി പ്രവര്‍ത്തകന്റെ ക്രൂര മര്‍ദ്ദനം. ബംഗാളിലെ നദിയ ജില്ലയിലെ ഫുലിയയിലാണ് സംഭവം. ‘ദി ടെലിഗ്രാഫ്’ ന്റെതാണ് റിപ്പോര്‍ട്ട്.
നാലാംക്ലാസുകാരനായ മഹാദേവ് ശര്‍മക്കാണ് മര്‍ദനമേറ്റത്. മഹാദേവിന്റെ മാതാവ് അടുത്തിടെയാണ് മരിച്ചത്. പരുക്കേറ്റ മഹാദേവിനെ രണഘട്ട് സബ്ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ചായക്കട നടത്തുന്ന മഹാദേബ് പ്രാമാണിക് എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് മര്‍ദിച്ചത്. ബി.ജെ.പി വനിത വിഭാഗം നേതാവായ മിതുപ്രമാണികിന്റെ ഭര്‍ത്താവ് കൂടിയാണിയാള്‍.
സംഭവത്തിനെതിരെ നാട്ടുകാര്‍ രോഷാകുലരായി. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു.
സംഭവത്തില്‍ പൊലിസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡ് ഉപരോധിച്ചവരെ പൊലിസ് നീക്കം ചെയ്തു.
പൊലിസ് നല്‍കുന്ന വിശദീകരണം
”ആക്രമണത്തിനിരയായ ബാലന്‍ പ്രദേശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവിയായ ആശാരിയുടെ മകനാണ്. ചായക്കടക്ക് മുന്നിലൂടെ പോകവേ പ്രാമാണിക് ബാലന്റെ അച്ഛനെക്കുറിച്ചും തൃണമൂലിനെക്കുറിച്ചും അസഭ്യം പറഞ്ഞു. തുടര്‍ന്ന് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബാലന്‍ നിരസിച്ചു. ഇതോടെ കുപിതായ പ്രാമാണിക് ബാലനെ മര്‍ദിക്കുകയായിരുന്നു”.
നാട്ടുകാര്‍ ഇടപെട്ടാണ് ഒടുവില്‍ ബാലനെ രക്ഷപ്പെടുത്തിയത്. ബാലന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. പോളിങ് ദിവസമായ ഏപ്രില്‍ 17ന് പ്രാമാണികും ബാലന്റെ അച്ഛനും തമ്മില്‍ ചെറുതായി വാഗ്വാദമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.