കോവിഡ് വ്യാപനം തടയുന്നതിന് മംഗളൂരുവില്‍ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കി; തലപ്പാടിയിലടക്കം 45 ചെക്ക് പോസ്റ്റുകളില്‍ പരിശോധന

0
307

മംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മംഗളൂരു പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിക്കുള്ളില്‍ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കി. ഇന്നലെ രാത്രി മംഗളൂരുവില്‍ പൊലീസ് കടുത്ത നടപടികളുമായി രംഗത്തിറങ്ങി.
തലപ്പാടിയിലടക്കം ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ ചെക്ക്പോസ്റ്റുകളിലും പൊലീസ് വാഹനങ്ങള്‍ പരിശോധിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശപ്രകാരം കര്‍ഫ്യൂ പൂര്‍ണമായും നടപ്പാക്കാന്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മംഗളൂരുവില്‍ രാത്രിസമയത്ത് ആളുകള്‍ സന്ദര്‍ശിക്കുന്നതിനും വാഹനങ്ങള്‍ വരുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കര്‍ഫ്യൂ ലംഘിച്ചവരെ പൊലീസ് തടഞ്ഞുവെക്കുകയും താക്കീത് നല്‍കുകയും ചെയ്തു. കര്‍ഫ്യൂ കര്‍ശനമായി നടപ്പിലാക്കിയതിനാല്‍ പല കടയുടമകളും തൊഴിലാളികളും പതിവിലും നേരത്തെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോയി. നഗരപരിധിക്കുള്ളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രി കര്‍ഫ്യൂ കണക്കിലെടുത്ത്, ഇന്നലെ പാദുവ സ്‌കൂള്‍ മൈതാനത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ പരിധിയിലെ 45 ചെക്ക്പോസ്റ്റുകളില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. രാത്രി കര്‍ഫ്യൂ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് 480 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ്. ഇവരില്‍ 18 പേര്‍ ഇന്‍സ്പെക്ടര്‍മാരും 40 പേര്‍ സബ് ഇന്‍സ്പെക്ടര്‍മാരും നാല് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍മാരും രണ്ട് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുമുണ്ട്.

ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഓരോ ചെക്ക്പോസ്റ്റിലും പതിനൊന്നുവീതം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. രാത്രിയില്‍ ജീവനക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്ക് അതത് കമ്പനികളുടെ അംഗീകാരം ഉണ്ടായിരിക്കണമെന്ന് കര്‍ണാടക ചീഫ് സെക്ടറി പി. രവികുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
നൈറ്റ് ഡ്യൂട്ടിയില്‍ സഞ്ചരിക്കുന്ന ജീവനക്കാര്‍ക്ക് അതത് കമ്പനികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരിക്കണം. അവര്‍ വീടുകള്‍ക്ക് പുറത്തുള്ള സമയത്ത് കോവിഡുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. എല്ലായ്പ്പോഴും മാസ്‌ക് ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here